സ്വർണ്ണ മോതിരവും ജലദേവതയും


             എച്ചിൽ പാത്രങ്ങളുടെ ധാരാളിത്തമാണ് വികൃതമായ ആ ദിനത്തിന്റെ ഒരേയൊരു സമ്മാനം. അരുമയായി വളർത്തിയ മൂന്നു കോഴികളെയാണ് നിർദാക്ഷിണ്യം പിച്ചിച്ചീന്തി, ചവച്ച് തുപ്പിയിട്ടിരിക്കുന്നത്. റേഷനരി പെറുക്കി തിന്നുമ്പോൾ അവ തന്നെ സ്നേഹത്തോടെ നോക്കിയിരുന്നത് അവളപ്പോൾ ഓർത്തു. ഫ്രിഡ്ജിലിരുന്ന തണുത്ത ഭ്രൂണങ്ങളും അപ്പോളവരുടെ അമ്മയെ ഓർത്തത് തികച്ചും യാദൃശ്ചികം മാത്രം... ഭർത്താവിന്റെ സുഹൃത്തുക്കളുടെ ഒത്തുചേരലായിരുന്നു അന്നവിടെ. നാലു സുഹൃത്തുക്കളും അവരുടെ ഭാര്യമാരും കുട്ടികളും അങ്ങനെയങ്ങനെ ഒരിരുപതുപേർ.
ആണുങ്ങൾക്കാഘോഷിക്കാൻ ആണുങ്ങൾ തന്നെ നടത്തുന്ന സൗഹൃദ സമാഗമങ്ങൾ എന്നു വിളിപ്പേരുള്ള മദ്യ സത്ക്കാരങ്ങൾ...
                     അന്ന് വെളുപ്പിനേയെണീറ്റ് കുളിച്ച് ഭർത്താവിനെ ഈശ്വരനായി ധ്യാനിച്ച് നെറുകെയിലണിഞ്ഞ സിന്ദൂരം, രണ്ടു ചാലുകളായി പടർന്ന് നെറ്റിയിൽ ഒഴുകുന്നത് വരെയവൾ പണിയെടുത്തു. ചത്ത കോഴിയും ചത്ത മീനും ചത്ത പോത്തുമെല്ലാം മസാലയിലും മുളകിലും കിടന്ന് തിളച്ചു കുറുകി പുതുജീവൻ പ്രാപിച്ചു. ചത്ത പോത്തിനെ കുക്കറിലേക്കിടുമ്പോൾ കൂടെ ചാടാനൊരുങ്ങിയ തന്റെ ചത്ത ഹൃദയത്തെ അവൾ താലിമാലയിൽ ബന്ധിച്ച് ശരീരത്തോട് ചേർത്തു വച്ചു. കുക്കറിന്റെ ഓരോ വിസിലുകൾക്കിടയിലുള്ള ദൈർഘ്യത്തിൽ, മിനിറ്റ് സൂചി സെക്കൻഡ് സൂചിയെ ചുംബിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനിടയിലാണ് കുട്ടികളെ സ്കൂളിൽ നിന്നും വിളിക്കാറായി എന്നവൾ ഓർക്കുന്നത്. മൂത്തവൾ അഞ്ചിലാണ്, ഇളയവൾ മൂന്നിലും. കുട്ടികളുണ്ടായതിനുശേഷം ഇപ്പോളെന്തു ചെയ്യുന്നു എന്നൊരു ചോദ്യം അവൾക്ക് നേരിടേണ്ടതായി വന്നിട്ടില്ല. എങ്കിലും കുട്ടികൾക്ക് വേണ്ടി ഉപേക്ഷിക്കേണ്ടിവന്ന ഐടി പ്രൊഫഷണലിന്റെ കോഡ് ജീവിതം ഒരു നിറമുള്ള ചിത്രമായി ഇടയ്ക്കിടെ മനസ്സിൽ കടന്നു വരും. ഒന്നു കണ്ണടച്ചിരുന്നാൽ അതിലും സിന്ദൂരത്തിന്റെ ചെമപ്പ് പടരും.
                       വൈകുന്നേരം ആറുമണിയോടുകൂടി ആരംഭിച്ച തീറ്റയും കുടിയും രാത്രി പത്തോടുകൂടിയാണവസാനിക്കുന്നത്. ചെമ്പല്ലിയുടെ ഉളുമ്പു മണത്തെ വിക്ടോറിയാസ് സീക്രട്ടിന്റെ സെഡക്ഷൻ സ്പ്രേയാൽ പ്രതിരോധിച്ച്, മെഴുക്കും പേനും നിറഞ്ഞ തലമുടിയിൽ സീറം വാരിപൊത്തി, കൃത്രിമമായ ചിരിയിൽ തളരാതെ പിടിച്ചുനിന്ന നാലു മണിക്കൂറുകൾ... സാരി വലിച്ചു മാറ്റി നൈറ്റിയണിഞ്ഞ് അടുക്കളയിൽ കയറുമ്പോൾ സമയം പതിനൊന്നിനോടടുക്കുന്നു. ഭർത്താവും കുട്ടികളും കെട്ടിപ്പിടിച്ചുറങ്ങുകയാണ്. അയാളുടെ, ഇനിയും ചത്തിട്ടില്ലാത്ത ഹൃദയധമനികളിൽ ഒഴുകുന്ന സ്നേഹം, ഭാര്യയോടുള്ള പ്രേമത്തിൽ നിന്നും പരിണമിച്ച് മക്കളോടുള്ള വാത്സല്യമായി മാറിയിരിക്കുന്നു. അവളും പരിണാമത്തിന്റെ വഴിയിലാണ്. അവൾക്ക് അവളോട് തന്നെയുണ്ടായിരുന്ന സ്നേഹമിന്നിപ്പോൾ കുടുംബ സ്നേഹമെന്ന വിശുദ്ധ കുപ്പായം ധരിച്ചിരിക്കുന്നു... പുരികക്കൂട്ടിൽ നിന്നുമുയർത്തി തൊടുന്ന ചുവന്ന ശിങ്കാർ പൊട്ടായിരുന്നു യൗവനത്തിലവളുടെ തിരിച്ചറിയലടയാളം. മുപ്പത്തിയാറാം വയസ്സിലെത്തി നിൽക്കുമ്പോൾ, ഒരു കുഞ്ഞി പൊട്ടിനു പോലും ഇടം കൊടുക്കാതെ നെറ്റിയിലെ വിശാല ഭൂമി തരിശാക്കി ഇടാൻ മാത്രമളവിൽ, അവൾ അവളെ തന്നെ മറന്നു പോയിരിക്കുന്നു. ഡാർവിന്റെ സിദ്ധാന്തങ്ങളെല്ലാം ലോകസത്യമാകുന്നുവെന്ന് പറയാതെ പറയുന്നുണ്ടൊരു പല്ലി...
                            പാത്രം കഴുകൽ തുടരുകയാണ്. പൈപ്പിനു താഴെയുള്ള സിങ്കിൽ വെള്ളം നിറഞ്ഞു നിറഞ്ഞു വരുന്നു. രാവിലെ വെട്ടി വൃത്തിയാക്കിയ മീനിന്റെ ചെതുമ്പൽ തൊട്ട് മജ്ജ വേർപെട്ടുപോയ കോഴിയെല്ലുകൾ വരെ ആ വെള്ളത്തിൽ കിടന്നവളെ നോക്കി പുഞ്ചിരിച്ചു. പോത്തിന്റെ നെയ്യുടെ മേലാവരണത്തിൽ വെള്ളമാകെ വെട്ടിത്തിളങ്ങി. തിന്നാൻ അറപ്പുള്ള നെയ്ക്കഷ്ണങ്ങൾ ചവച്ചരച്ച് ഒരു ശർദിൽ രൂപത്തിൽ വച്ചിരിക്കുന്നതെടുത്തു മനം പുരട്ടാതെ വേസ്റ്റ് ബിന്നിലേക്കിടുമ്പോഴാണ് പതിവായി ഊർന്നു പോകാറുള്ളതിനാൽ നൂലിട്ട് കെട്ടി ഉറപ്പിച്ചു വച്ചിരിക്കുന്ന മോതിരത്തിലേക്കവളുടെ ചിന്ത പോകുന്നത്. പ്രസാദ് എന്ന് ഇംഗ്ലീഷിൽ ഭംഗിയായി കൊത്തിവെച്ച ഉരുണ്ട സ്വർണ്ണ മോതിരം വിരലുകളിൽ നിന്നും തിരോധാനം ചെയ്തിരിക്കുന്നു. പന്ത്രണ്ടു വർഷത്തെ അനുഭവസമ്പത്തിൽ നിന്നും നേടിയെടുത്ത അറപ്പില്ലായ്മയോട് കൂടി അവളാ നെയ്മണമുള്ള വെള്ളത്തിൽ കൈയിട്ട്, സിങ്കിൽ പരതാൻ തുടങ്ങി.
                      വെള്ളത്തിന്റ അടിത്തട്ടിലേക്കുള്ള യാത്ര ദുഷ്കരമായിരുന്നു. മീൻമുള്ളുകൾ അവളെ കുത്തിനോവിക്കുന്നതിനിടയിൽ ഓർക്കാപ്പുറത്ത് തള്ളവിരലിൽ തറച്ചുകയറിയ കൂർത്ത കോഴിയെല്ല്, ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരുന്ന അവളുടെ മനസ്സിനെയും കൈകളെയും ഭാഗികമായ ഒരു മരവിപ്പിലേക്ക് തള്ളി വിട്ടു. വിയർത്ത നെറ്റിയിൽ പടർന്ന സിന്ദൂരം പോലെ വെള്ളത്തിൽ ചോര കലർന്നു. ചെമപ്പു നിറം കണ്ടു തലങ്ങും വിലങ്ങും ഒഴുകിനടന്ന പോത്തിറച്ചി തുണ്ടുകൾ മുക്രയിട്ടു. നാടകം തുടങ്ങുന്നതിനു മുമ്പ് താഴ്ത്തിയിടുന്നൊരു തൊങ്ങലുകളോടു കൂടിയ രക്തവർണ്ണമാർന്ന കർട്ടൻ പൂർണ്ണ ബോധത്തോടെ അവൾ കണ്ടു. മഹത്തായ ഒരു സർറിയൽ നാടകത്തിന് വേദിയാകാൻ അവളുടെ അടുക്കള ഒരുങ്ങി.
                               സിങ്കിലെ ചെമന്ന നദിയിൽ നിന്നൊരു ജല ദേവത പൊന്തി വരുന്നു. മുടിയാകെ മീൻ ചെതുമ്പലുകൾ.... മേലാകെ നെയ്മയം. പുരുഷന്മാർ പടച്ചുവിട്ടകഥകളിലെ ദേവതാ സങ്കൽപ്പത്തിനും വളരെ വളരെ താഴെ... അരയിൽ പറ്റിപ്പിടിച്ചിരുന്ന കറിവേപ്പില എടുത്തുമാറ്റിക്കൊണ്ട് ദേവത മനോഹരമായി പുഞ്ചിരിച്ചു. കൈയിലൊരു കടലാസാണ്. അതിൽ നല്ല വൃത്തിയുള്ള കയ്യക്ഷരത്തിൽ ഉരുട്ടിയെഴുതിയ പത്തുവരി കവിത . നനയാത്ത, മഷി പടരാത്ത എന്നാൽ കാലപ്പഴക്കത്തിന്റെ കൂറക്കുത്തുകളുള്ള വെള്ളക്കടലാസ്. പത്താം ക്ലാസിൽ വെച്ചെഴുതിയ കമ്മ്യൂണിസ്റ്റ് പച്ച എന്ന കവിത അപ്പോളവൾ ഓർത്തു.
" സ്വപ്നങ്ങൾക്ക് മുറിവേറ്റിരിക്കുന്നു.
  കമ്മ്യൂണിസ്റ്റ് പച്ച പോലും
  തോറ്റു പോകുന്ന മുറിവ് "
 ദേവതയുടെ കൈയിലിരിക്കുന്ന വെള്ള കടലാസിലും അതേ വരികൾ... അതേ കവിത... ജില്ലാതല യുവജനോത്സവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കമ്മ്യൂണിസ്റ്റ് പച്ച. പിന്നീടങ്ങോട്ട് കവിതകൾ വിരിഞ്ഞത് പൈത്തണിലും ജാവാ സ്ക്രിപ്റ്റിലുമാണെന്ന് മാത്രം. കോഡുകൾക്കിടയിലും വൃത്തവും പ്രാസവുമുണ്ടെന്നെല്ലാം തോന്നിയിട്ടുണ്ട്. ദേവതയിൽ നിന്നാ പത്തുവരി വാങ്ങണമെന്നുണ്ടായെങ്കിലും, തന്റെ സത്യസന്ധത പ്രകടിപ്പിക്കണമെന്നുള്ള നിഷ്കളങ്കമായ ആഗ്രഹത്തിൽ അവളത് തന്റേതല്ല എന്ന് പറഞ്ഞ്, ആ കവിതയുടെ മാതൃത്വത്തെ പരസ്യമായി നിഷേധിച്ചു. പൂർണ്ണതയിലെത്താതെ അബോർഷനു വിധേയമായ ഒരായിരം കവിതാ ഭ്രൂണങ്ങൾ അടുപ്പിന്റെ പുകക്കുഴലിലിരുന്ന് നിശബ്ദമായി തേങ്ങി.
                      ദേവത വീണ്ടും വെള്ളത്തിൽ മുങ്ങി വന്നു. ആദ്യത്തേതിനേക്കാൾ ചെതുമ്പലുകൾ കൂടിയിട്ടുണ്ടിപ്പോൾ. കൈയിലൊരു പിഎസ്‌സി റാങ്ക് ഫയൽ... മൂത്ത മകൾക്ക് ഒന്നര വയസ്സുള്ളപ്പോൾ കൂടെ കൂട്ടിയതായിരുന്നു. രണ്ടുവർഷത്തോളം തീവ്രമായി പഠിച്ചു. അപ്പോഴാണ് അടുത്ത കുഞ്ഞിനെ ഗർഭം ധരിക്കുന്നത്. മായയുടെ വരവിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ പിടിമുറുക്കി. ഹോർമോൺ വ്യതിയാനങ്ങളുടെ വേലിയേറ്റമായിരുന്നു. മരുന്നുകളും ടോക്ക് തെറാപ്പികളും ഒക്കെ കൊണ്ട് വളരെ സാവധാനമായിരുന്നു റിക്കവറി. അതിനിടയിലെവിടെയോ മറന്നിട്ടതാണീ റാങ്ക് ഫയൽ. പ്രായപരിധിയെത്താൻ ഇനിയും മൂന്നുവർഷം കൂടിയുണ്ടെങ്കിലും ആ റാങ്ക് ഫയൽ വാങ്ങാനവൾക്ക് തോന്നിയില്ല. ഒരു ജോലിയെയും പുതിയ ആളുകളെയും അവളത്രയധികം ഭയന്നു തുടങ്ങിയിരിക്കുന്നു. ചുണ്ടൊരു വശത്തേക്ക് പ്രത്യേക രീതിയിൽ കോടി ചിരിച്ചുകൊണ്ട് ദേവത പിന്നെയും ചെമപ്പിലേക്ക് താഴ്ന്നു.
                          ശേഷം കൈയിലൊരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായാണ് ദേവത വന്നത്. ഒരുപാട് കാലമവളുടെ പേഴ്സിലും മനസ്സിലും നിറഞ്ഞുനിന്നൊരാൾ. പെണ്ണ് ധൈര്യം കാണിക്കാതെ ഈ ലോകത്ത് ഇന്നേവരെ ഒരു പ്രണയവിവാഹം നടന്നിട്ടില്ലായെന്നവൻ ഒരുപാട് വട്ടം പറഞ്ഞതാണ്. പക്ഷേ പറ്റിയില്ല. അച്ഛന്റെ സുഹൃത്തിന്റെ മകനായിരുന്നു വരൻ. വീടുവിട്ടിറങ്ങിയാൽ അച്ഛന്റെ ഹൃദയം സ്തംഭിച്ചു പോയക്കാമെന്ന ഭയത്തിൽ ഒന്നും ചെയ്യാൻ പറ്റിയില്ല. നീല പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും ധരിച്ച് ഗൗരവ ഭാവത്തിലിരിക്കുന്ന അവന്റെ ഫോട്ടോ അച്ഛൻ ബലമായി പിടിച്ചു വാങ്ങിയതാണ്. പിന്നീടതെവിടെപോയി എന്നന്വേഷിച്ചിട്ടില്ല. മനസ്സിൽ നിന്നു പോലും അവനെ മായ്ച്ചു കളയാൻ മാത്രം ജീവിതം അത്രമേൽ ദുഷ്കരമായിരുന്നു. ഫോട്ടോയിൽ നിന്നും മുഖം തിരിച്ച് അവൾ തലകുനിച്ചിരുന്നു. പ്രേമ നൈരാശ്യങ്ങളുടെയോ സ്വപ്നഭംഗങ്ങളുടെയോ വേദനയറിയാത്ത ദേവത ആ ഫോട്ടോ മടക്കിയൊടിച്ച് വെള്ളത്തിൽ താഴ്ന്നു പോയി.
                         കാത്തിരുന്നതെന്തോ അതും കൊണ്ടായിരുന്നു ശേഷം ദേവത ഉയർന്നു വന്നത്. പ്രസാദ് എന്നെഴുതിയ ഉരുണ്ട മോതിരം. അവളുയർന്നു ചാടി അതെന്റെതാണെന്ന് വിളിച്ചു പറഞ്ഞു. പണ്ട് തന്റെ തടിച്ച വിരലുകളിലേക്ക് ഈ മോതിരം അറച്ചറച്ചുകയറിയത് ഒരു ചലന ചിത്രം പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു. ചുറ്റിലും ആരവമായിരുന്നു. പൂക്കളുടെ അഭിഷേകം. കവിത രചിച്ച് സമ്മാനം നേടിയപ്പോഴോ, എൻജിനീയറിങ് പാസായപ്പോഴോ ആരിലും കാണാത്ത സന്തോഷം അവളവിടെ കണ്ടു. അവളാ മോതിരം സന്തോഷത്തോടെ സ്വീകരിച്ചു. ഇനിയിപ്പോൾ കഥയിൽ വായിച്ചു കേട്ടിട്ടുള്ളതുപോലെ അവളുടെ സത്യസന്ധതയെ അംഗീകരിച്ചുകൊണ്ട് ദേവത അവളെ സമ്മാനങ്ങളാൽ അനുഗ്രഹിക്കേണ്ട സമയമാണ്. മരം വെട്ടുകാരന് സ്വർണ്ണ മഴുവും വെള്ളി മഴുവും കൊടുത്തതുപോലെ അവൾക്കും കിട്ടണം കമ്മ്യൂണിസ്റ്റ് പച്ചയും റാങ്ക് ഫയലും പിന്നെ പ്രിയപ്പെട്ടവന്റെ കൊച്ചു ഫോട്ടോയും. പക്ഷേ കഥയെല്ലാം പഴങ്കഥയായി മാറിയെന്ന് തോന്നുന്നു. മോതിരം തിരികെ കൊടുത്തുകൊണ്ട് ഒന്ന് ചിരിക്കാൻ പോലും മെനക്കെടാതെ ദേവത അപ്രത്യക്ഷയായി. ഇത് അവകാശങ്ങൾ ചോദിച്ചു വാങ്ങേണ്ടവരുടെ ലോകമാണെന്നോർമ്മിപ്പിച്ചുകൊണ്ട് സർറിയൽ നാടകത്തിന് തിരശ്ശീല വീണു.

            പിറ്റേന്നായ്...ഉദിക്കണമെന്നുള്ളതുകൊണ്ട് സൂര്യൻ ഉദിച്ചു. കൂകി വിളിക്കാനാവാത്തതിന്റെ വേദനയിൽ കോഴിയെല്ലുകൾ പിടഞ്ഞു. അവൾ വെപ്രാളപ്പെട്ടെണീറ്റു. കൈകളിലാകെ ചോരപുരണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പച്ചയും റാങ്ക് ഫയലും പ്രണയമായുള്ളൊരു പ്രണയവും തിരിച്ചു കിട്ടാനാവാത്ത വിധം നശിച്ചു പോയിരിക്കുന്നു. അന്നാദ്യമായി നഷ്ടപ്പെട്ടുപോയവയെ കുറിച്ചോർത്ത് അവളുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ട് കയറി. ചത്തു പോയിട്ടും വീണ്ടും വീണ്ടും മുറിവേറ്റു രക്തം പൊടിയുന്ന തന്റെ ഹൃദയം താങ്ങി അവൾ അവളുടെ ജീവിതത്തിലേക്കെണീറ്റു. ഒരു ചോരപുരണ്ട നാടകത്തിന്റെ അവശേഷിപ്പെന്നവണ്ണം പ്രസാദ് എന്ന് ഇംഗ്ലീഷിൽ എഴുതിയ ഉരുണ്ട മോതിരം മാത്രം അവിടെ ചത്തു കിടന്നു. 
                          
 
                     

Comments

Popular Posts