പതിനാറു പന്തങ്ങൾ


                                  "തനിക്കു ഫോട്ടോ എടുക്കണമെങ്കിൽ താൻ തന്നെ വിചാരിക്കണം" പിൻകഴുത്തിൽ അവൻ അവസാനമായി വെച്ച ഉമ്മയുടെ നനവ് തുടച്ചിട്ടായിരുന്നു അവളത് പറഞ്ഞത്. അവളുടെ കൈകളിൽ കൈകൾ കോർക്കുക എന്നതിനപ്പുറം സൗഖ്യകരമായി ആ നിമിഷത്തെ അതിജീവിക്കാൻ കഴിയുമായിരുന്നില്ല. മറൈൻ ഡ്രൈവിലെ നീണ്ട പാതകളും ലോകാരംഭത്തിനു മുൻപേ പ്രണയികൾക്കായ് ഭാഗം വെച്ച് കൊടുത്തിട്ടുള്ള കൊച്ചു കൊച്ചു ബെഞ്ചുകളുമായിരുന്നു ഒരാഴ്ച്ചക്കാലമായി ആ നഗരത്തിലെ ഒരാശ്വാസം. പത്തു നിമിഷത്തിന്റെപ്പോലും ഇടവേളകളില്ലാതെ ചുറ്റും കൂടുന്ന ഭൂതം ഭാവി പറച്ചിലുക്കാർ അലോസരമാണെങ്കിലും അവരുടെ ഭാവി കഥകളിലെങ്കിലും ഞങ്ങളൊന്നൊരുമിച്ചോട്ടെ എന്നതായിരുന്നു അവിടുത്തെ പ്രണയങ്ങളുടെ സ്ഥായിഭാവം. ഞങ്ങളും വിഭിന്നമായിരുന്നില്ല. എതിർപ്പുകളുണ്ടെങ്കിലും വിവാഹം നടക്കുമെന്നുറപ്പിച്ച വൃദ്ധയ്ക്ക് നൂറു രൂപ രൊക്കം കൊടുത്ത് ഇരുന്നതേയുള്ളൂ അവൾ. വിവാഹം കഴിക്കാൻ വേണ്ടി മാത്രം പ്രണയിക്കുന്നോരാണല്ലോ നമ്മൾ. നമുക്ക് സന്തോഷിക്കാൻ ഇതിൽ കൂടുതലെന്ത് വേണം...
                    ഒരുമാസം മാത്രം പ്രായമുള്ള നവജാത ശിശുവായിരുന്നു ഞങ്ങളുടെ പ്രണയം. ആ കാലയളവിൽത്തന്നെ ശരീരത്തെയറിയുന്ന തലത്തിലേക്ക് ഞങ്ങൾ വളർന്നിരുന്നു. ഉടുപ്പില്ലാത്ത രാത്രികളിലൊക്കെ കൈമുട്ടിനു മുകളിലുള്ള പച്ചക്കുത്തിയതിലേക്ക് അവൾ തുറിച്ചു നോക്കിയിരിക്കും. ഭയങ്കരമായ ഒരു തെയ്യക്കോലമാണ് ശാന്തമായി കയ്യിൽ വിശ്രമിക്കുന്നത്. വിരലുകളിൽ നിന്നുമ്മവെച്ച് നീല ഞരമ്പുകളിലേറി കൈമുട്ടിലെത്തുമ്പോൾ അവളൊരു നിമിഷം ആ ശാന്തമായ കോലത്തെ ഒന്നു ചൂഴ്ന്നു നോക്കും. ശേഷം ദൈവത്തെ അവിടെ ഉറങ്ങാൻ വിട്ടിട്ട് മുകളിൽ അവൾ പടരും.
                കഴിഞ്ഞ ഒരു രാത്രിയിൽ വിരലുകൾക്കോർത്ത് നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോഴാണ് ഈ പച്ചക്കുത്തലിനെപ്പറ്റിയവൾ ചോദിക്കുന്നത്. കതിവന്നൂർ വീരനാണോ അതോ ഉച്ചിട്ടമ്മയോ...പ്രൊജക്റ്റ്‌ ചെയ്യാൻ വേണ്ടി കൊച്ചിയിലെത്തിയ ഒരു എം. എ ഫോക്ക് ലോറുക്കാരിയുടെ കൗതുകമായിരുന്നു അപ്പോളവളുടെ കണ്ണുകളിൽ. ഏയ് ഇത് സാക്ഷാൽ കണ്ടനാർ കേളനല്ലേ... കണ്ടനാർ കേളനോടുള്ള ഭയ ഭക്തി ബഹുമാനത്തോടെ അവളവിടെ മൃദുവായൊന്നുമ്മ വെച്ചു. ശേഷം അപ്പോൾ തന്നെയത് തുടച്ചു കളഞ്ഞു. ഉമ്മ വെക്കുന്നതേ തുടച്ചു കളയുന്നതാണ് അവളുടെ രീതി. കണ്ടനാർ കേളൻ ഒരു സംഭവമായിരുന്നു. മാറിൽ രണ്ടു നാഗങ്ങളുമായി അഗ്നിയിൽ നിന്നും പുനർജനിച്ച കേളൻ. തീയിൽ കുരുത്ത കേളൻ....
                      പച്ചക്കുത്താൻ നേരം തെയ്യത്തിന്റെ നാമമൊന്നും ഒരു പരിഗണനാ വിഷയമായിരുന്നില്ല. അച്ഛന്റെ ഓർമകളെ തീ പിടിപ്പിക്കുവാൻ കൈയിലൊരു തെയ്യം അതുമാത്രമായിരുന്നു അപ്പോഴത്തെ ചിന്ത... ഒരിടത്തും എത്തിയില്ലലോയെന്ന പരാധീനതയിൽ ഫോട്ടോഗ്രഫി ഡിപ്ലോമയും കഴിഞ്ഞ് റോളേയ് XF 35 ന്റെ കൊച്ചു ക്യാമറയുമായി അച്ഛൻ കറങ്ങി നടക്കുന്നക്കാലം. ഇന്നുള്ള അത്രേം ക്യാമറക്കമ്പം എരി പിടിച്ചു കേറാത്ത സമയം. ഒരു വേനലവധിക്കിടയിലാണ് അച്ഛൻ നാലിൽ പഠിക്കുന്ന എന്നെയും കൊണ്ട് കണ്ണൂര് പോവുന്നത്. അന്നവിടെ ഖണ്ഡകർണൻ തെയ്യമായിരുന്നു കെട്ടിയാടിയത്. അച്ഛന്റെ പരിചയക്കാരൻ ഒരു സഞ്ജീവേട്ടനുമുണ്ടായിരുന്നു അവിടെ. തലേന്ന്‌ രാത്രി തൃശ്ശൂര്ന്ന് ബസ് കയറി പിറ്റേന്ന് പുലരാൻ നേരത്തോടു കൂടിയാണവിടെയെത്തുന്നത്. അകലെയുള്ള സ്ഥലം കണ്ടതിന്റെ അത്ഭുതമായിരുന്നു എനിക്ക്. അച്ഛനാണെങ്കിൽ തീയിൽ വാടാത്ത ഖണ്ഡകർണന്റെ ഏറ്റവും നല്ല ചിത്രം പകർത്തണമെന്ന വാശിയിലായിരുന്നു. തെയ്യക്കാലത്തു മനോരമയുടെയോ മാതൃഭൂമിയുടെയോ ആദ്യ പേജിൽ തന്റെ തെയ്യച്ചിത്രം അച്ചടിച്ചു വരുമെന്നൊരു പ്രതീക്ഷയിലായിരുന്നു അത്. ഒത്തിരി കഥകളും കവിതകളുമെഴുതി ഒരു നോട്ട്ബുക്കിൽ മറ്റാരുടെയും ദർശനമേൽക്കാതെ സൂക്ഷിക്കുന്നവരും ഒരുപാടു ചിത്രബീജങ്ങളെ ഉൾക്കൊള്ളുന്ന വിഷാദ ക്യാമറകൾ കൊണ്ടുനടക്കുന്നവരും ഒരിക്കലെങ്കിലും കണ്ടിരിക്കുന്ന സ്വപ്നമാവും തന്റെ സൃഷ്ടികൾ പ്രസിദ്ധികരിക്കപ്പെടുന്നത്. ആ കടമ്പ എത്രയോ വലുതെന്ന് അവർക്കു മാത്രമേയറിയൂ.
                        പതിനാറു കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് ഖണ്ഡകർണന്റെ നൃത്തം. ശിവന്റെ ഭൂതഗണങ്ങളിൽ ഒരാളാണീ തെയ്യം. അതുകൊണ്ട് തന്നെ സാഹസികതയുടെ തോത് വളരെ കൂടുതലായിരുന്നു. ഒരു നാലാം ക്ലാസ്സുക്കാരന് ഇതൊന്നും അറിയാനേ താല്പര്യമില്ലായിരുന്നു. രാവിലെ തൊട്ട് തൊടിയിലും കണ്ടത്തിലും പിള്ളേരുമായിട്ടൊരു കൂത്ത് നടത്തി തിമർത്തു. അച്ഛനപ്പോഴും ക്യാമറ ലെൻസുകളെ തുടച്ചു മിനുക്കുകയായിരുന്നു. സമയം വേഗം ത്രിസന്ധ്യയോടടുത്തു. ഇനി കളിക്കാനാവില്ലലോയെന്നായിരുന്നു അപ്പോഴത്തെ സങ്കടം.
                       പന്തങ്ങളാൽ ചുറ്റപ്പെട്ട് ഒരു തീവ്രരൂപത്തിലായിരുന്നു ഖണ്ഡകർണൻ. തെളിഞ്ഞ ചിത്രമെടുക്കാൻ തെയ്യത്തിന്റെ അടുക്കലേക്ക് കേറി നിന്നിരുന്ന അച്ഛന്റെ കണ്ണിലും കാണാമായിരുന്നു അഗ്നിയുടെ ആളിപ്പടരൽ. മൂന്നു പ്രദക്ഷിണം കഴിഞ്ഞ് പീഠം കയറി കലാശം ചെയ്തുക്കൊണ്ടിരിക്കുകയായിരുന്നു. അച്ഛന്റെ മുഖത്ത് ആവേശം വിടർന്നു.ചുറ്റിലുമുള്ള ജനങ്ങൾ കത്തുന്ന തീ കണ്ട് ഭക്തി ലഹരിയിലാറാടി. തെയ്യത്തിന്റെ ചുറ്റും പതിനാറു പന്തങ്ങൾ അഗ്നി വലയം തീർത്തു. അച്ഛന്റെ ക്യാമറ തീക്കോലത്തെ അതിന്റെ ചൂടിലും ചൂരിലും ഏറ്റുവാങ്ങി.
                     പെട്ടന്നാണ് തീയൊന്നു പാളിയത്. തീക്കടലിൽപ്പെട്ട തെയ്യം മുന്നോട്ടുമറിഞ്ഞു വീണത് അച്ഛന്റെ ദേഹത്തിലായിരുന്നു. റോളേയ് ക്യാമറ കൈയിലിരുന്ന് വെന്തമർന്നു. അച്ഛന്റെ കണ്ണിൽ കത്തിയിരുന്ന അഗ്നിയും കെട്ടു. അന്ന് തെയ്യക്കോലത്തിന്റെയടിയിൽപ്പെട്ടു അച്ഛൻ വെന്തില്ലാതായി. തെയ്യം കെട്ടിയ കലാകാരൻ പൊള്ളലോടെ ആശുപത്രിയിലുമായി. അന്നത്തെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ അച്ഛന്റെ ഓർമ്മക്കായി കയ്യിൽ പച്ചക്കുത്തിയ തെയ്യക്കോലത്തിനു തീ പിടിക്കാൻ തുടങ്ങും. ആ ചൂട് ദേഹമാകെ പടരും. ഉള്ളംകയ്യിലിരുന്നൊരു ക്യാമറ വെന്തമരും...
കഥ പറച്ചിലു നിർത്തിയെന്നവൾക്ക് മനസിലാവുന്നത് പതിനാറു പന്തങ്ങളുടെ ചൂടുള്ള ഒരിറ്റ് കണ്ണീര് കഴുത്തിനെ പൊള്ളിച്ചപ്പോഴാണ്.
                അന്നുതൊട്ടിന്നുവരെ ക്യാമറ ഒന്നു തൊടാൻ പറ്റിയിട്ടില്ല. പക്ഷേ ക്യാമറകളോടും ഫോട്ടോകളോടും ഒരു പ്രത്യേക അഭിനിവേശമാണ്. ഇന്നലെ ആദ്യമായി അവളുടെ ക്യാമറയിൽ അവളുടെ തന്നെ ഒരർദ്ധനഗ്ന ഫോട്ടം പിടിച്ചപ്പോഴും കൈയിലിരുന്ന് ക്യാമറ കത്തുകയായിരുന്നു. ഞാനാവട്ടെ പതിനാറു പന്തങ്ങൾക്കുള്ളിൽപ്പെട്ടു വെന്തമരുന്നു...
                 ഓർമ്മകൾ ഭൂതക്കാലത്തുനിന്നൊരു കുറുക്കുവഴി കണ്ടെത്തി മറൈൻ ഡ്രൈവിലെ വിശ്വവിഖ്യാതമായ ബെഞ്ചിൽ വന്നു വിശ്രമിച്ചു. ഒരിക്കലും ഇന്നിലേക്കു വരാൻ കഴിയാത്ത വിധം ഇന്നലെകൾക്കു സ്മൃതി നാശം സംഭവിച്ചിരുന്നെങ്കിൽ, കയ്യിലെ തെയ്യം സൃഷ്ടിക്കുന്ന കൊടും താപത്തിൽ നിന്നെകിലും രക്ഷ കിട്ടിയേനെ. തെയ്യം ചൂടുപിടിച്ചു പതിയെ ശരീരത്തിൽനിന്നും വിട്ടിറങ്ങുമ്പോഴാണ് വേനൽക്കാലമാകുന്നതെന്ന് ഒരിക്കൽ തോന്നിയിരുന്നു. പക്ഷെ നിത്യ വേനലിനു വിധിക്കപ്പെട്ട മനസ്സിൽ ഋതുഭേദമെന്നത് പുറമ്പോക്കിൽ താമസിക്കുന്നവന്റെ പട്ടയഭൂമി സ്വപ്നംപ്പോലെയായിരുന്നു. നടക്കാൻ സാധ്യത കുറവായിട്ടും താലോലിക്കുന്നൊരു സ്വപ്നം...
                   'താനെന്തിനാടോ എന്നും ഈ പതിനാറു പന്തങ്ങൾക്കു എണ്ണയൊഴിച്ചു കൊടുക്കുന്നേ ' ഇന്നിന്റെ സന്തോഷം ആസ്വദിക്കാതെ ഭൂതക്കാലത്തിന്റെ ചുഴിയിൽ പെട്ടുഴലുന്നവരോട് കാണിക്കേണ്ട സഹതാപം അവളിൽ പ്രകടമായിരുന്നു. അവളൊരു സന്തോഷിക്കുന്ന ആത്മാവായിരുന്നു. ഉള്ളിലെ സങ്കടത്തെ മനനം ചെയ്യാതെ പുറത്തേക്ക് സന്തോഷിക്കുന്നവൾ. ഇങ്ങനെയുള്ളവർ ഈ ലോകത്തിനുണ്ടാക്കുന്ന ഭീഷണിയെപ്പറ്റിയായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച്ചയിലെ ചർച്ച. ഇവരുടെ സന്തോഷങ്ങൾ ഒരു കാൻസർപ്പോലെ വിഷാദികളിലേക്ക് പകരുന്നു. എല്ലാവരും സന്തോഷിക്കുന്നയിടത്തിൽ ദുഃഖിതർക്കെന്തു കാര്യമെന്നവർ ചിന്തിക്കുന്നു. തെറാപ്പികളിലേക്കോടുന്നു. എന്നിട്ടും സന്തോഷഭാവം കൈവരാത്തവർ നിശബ്ദരായി നക്ഷത്രങ്ങളിലേക്ക് യാത്രയാവുന്നു... സന്തോഷിക്കുന്നവരെപ്പോലെ ദുഃഖിതരെയും സ്വീകരിക്കുന്ന ഒരു ലോകമുണ്ടാകട്ടെ എന്നതായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ ചർച്ചയുടെ സമാപന പ്രാർത്ഥന.
                    എണ്ണയൊഴിച്ചു കൊടുത്തില്ലെങ്കിലും ചില പന്തങ്ങൾ താനേ ആളിക്കത്തുമെന്നതെന്നിവർ മനസിലാക്കും. ഓർമ്മകൾക്കങ്ങനെയൊരു പ്രശ്നമുണ്ട്. ചിലയിടങ്ങളിൽ നിന്നവ പെട്ടന്നു വിട്ടിറങ്ങില്ല, പകരം ഇന്നലെ എന്ന ഭീകരരൂപം പ്രാപിച്ചു ഇന്നിനെയും നാളെയെയും വിഴുങ്ങിക്കളയുന്നു. അവളുടെ പരുപ്പരുത്ത കരങ്ങൾ മുഖത്ത് സ്പർശിച്ചപ്പോഴാണ് ചിന്തകളിൽ നിന്ന് വിട്ടിറങ്ങുന്നത്. അൽപ്പം തടിച്ച ചെറിയ വിരലുകളായിരുന്നു അവളുടേത്. മഞ്ഞച്ചായം പൂശിയ നഖങ്ങളും. ഒരു പൂക്കാലത്തെ ഓർമിപ്പിക്കും വിധം മനോഹരം.
                    കൈകൾ കോർത്ത് ഞങ്ങൾ നടക്കാൻ തുടങ്ങി. പ്രൊജക്റ്റിന്റെ ഭാരം തീർത്തു നാളെയവൾ മടക്കത്തിനു പടയൊരുക്കുന്നു. വിരലുകളിൽ അമർത്തിയൊന്നു ചുംബിച്ചതിനു ശേഷം അവൾ പതിയെ പറഞ്ഞു, 'തന്റെ ദേഹമീ തെയ്യക്കോലത്തെ താങ്ങുന്നിടത്തോളംക്കാലം ഞാൻ തന്നെയെങ്ങനെ മറക്കും. ഒന്നുമില്ലെങ്കിലും ഞാനൊരു ഫോക്ക് ലോറുക്കാരിയല്ലെടോ'. ഉയർന്ന ചിരിയിൽ ഞാനും കൂടി. അവളുടെ സന്തോഷത്തിന്റെ ഒരു ഭാഗമാകാനുള്ള എളിയ ശ്രമമായിരുന്നു അത്.
                        സൂര്യന്റെ മഞ്ഞപ്പ് സോഡിയം വേപ്പർ ലാമ്പിന്റെ മഞ്ഞജലത്തിനു വഴി മാറി കൊടുത്തു തുടങ്ങിയിരുന്നു. അവളാകട്ടെ അവളുടെ കാനോൺ 5D എന്റെ കയ്യിൽ വെച്ചുത്തന്നിട്ടൊരു പടമെടുക്കാൻ പറഞ്ഞു. നിർവികാരതയായിരുന്നു അപ്പൊഴെന്റെ ഭാവം. സ്മരണകളെ വിസ്മൃതിയിലേക്കാഴ്ത്താൻ നിർവികാരതയ്ക്കല്ലാതെ പിന്നെയെന്തിനാണാവുക... തെയ്യക്കോലത്തിനു ചൂടുപിടിക്കുന്നില്ല. ക്യാമറ കയ്യിൽ വെന്തമരുന്നില്ല. ശക്തിയേറിയ ഏതോ ഒരു മയക്കുമരുന്നിനടിമപ്പെട്ടവിധം മനസിലെ വിഭ്രാന്തികൾ മയങ്ങിക്കിടക്കുന്നു. ഒരുപക്ഷെ വീണ്ടുമൊരു വിടവാങ്ങലിനു സജ്ജമാകുന്ന ഹൃദയത്തിന്റെ നൊമ്പരമാകാം. വേഗത്തിൽ പായുന്ന വണ്ടികൾ അവളുടെ ചിരിയിൽ സ്തബ്ധമായതുപ്പോലൊരു ചിത്രം ക്യാമറയിൽ പിറന്നു.ആ ക്യാമെറയെനിക്കു തന്നെ സമ്മാനിച്ചുക്കൊണ്ട് അവളകന്നു. ഇനിയവശേഷിക്കുന്ന ഒരേയൊരു കൂട്ട് എന്ന കണക്കെ തെയ്യക്കോലം കയ്യിൽ കുറച്ചുക്കൂടി തെളിഞ്ഞു നിന്നു. ശരീരത്തിൽ പടരുന്ന ചൂട് അതിന്റെ നിലനിൽപ്പിനെ അടയാളപ്പെടുത്തി. ആ ചൂടിൽ അച്ഛന്റെ ശ്വാസം പടരുന്നത് ഞാനറിഞ്ഞു. ശേഷം അസാധാരണമായന്നു മിഴികളടച്ച വൈദ്യൂതി വിളക്കുകൾക്കിടയിലൂടെ പതിനാറു പന്തങ്ങളുടെ വെളിച്ചത്തിൽ ഞാനെന്റെ കൂട്ടിലേക്ക് മടക്കയാത്ര ആരംഭിച്ചു.

Comments

Popular Posts