പ്രേതാവയവം

രാവിലെ മുതൽ തോളെല്ലുകളിൽ കടിച്ചു ചോരയൂറ്റി കൊണ്ടിരിക്കുന്ന ബ്രാ സ്ട്രാപ്പുകളെ പറ്റി പരാതി പറഞ്ഞു വീട്ടിലേക്കു കയറി വരികയാണൊരു എട്ടാം ക്ലാസുകാരി. 32 C യിലും ഒതുങ്ങാത്ത തടിച്ച മുലകൾ അച്ഛമ്മയുടെ പാരമ്പര്യം തന്നെ. അവരെ പറ്റി ഓർക്കുമ്പോൾ മുഖത്തേക്കാൾ ഓർമ വരുന്നത് മുന്നിലെ ഭാരത്തെയാണ്. ഒരു ബോഡീസു പോലുമിടാതെയാണ് അച്ഛമ്മ ആയകാലം മുഴുവൻ നെഞ്ചു വിരിച്ചു നടന്നതെന്നോർക്കുമ്പോൾ അത്ഭുതം. ഇവിടെയാണെങ്കിൽ പത്തു വയസു തൊട്ടേ കൂമ്പി പോയതാണ് നങ്ങേലിയുടെ തോളുകൾ. തോളു കുനിച്ചു നടന്നാൽ മാറിടം കുറയുമെന്നൊരു അശാസ്ത്രീയ ചിന്ത ആ പ്രായത്തിൽ പെട്ട ഏതൊരു പെൺകുട്ടിയിലുമെന്നപോലെ അവളിലും ശക്തമായിരിക്കണം…

ഉള്ളിലുള്ള എന്തിനെയും വെടിപ്പായി പുറത്തു കാണിക്കുന്ന തൂവെള്ള പോളിസ്റ്റർ ഷർട്ടായിരുന്നു അക്കാലത്തു സ്കൂളിലെ വേഷം. ബ്രായുടെയും പെറ്റിക്കോട്ടിന്റെയും മുകളിൽ അയഞ്ഞു കിടക്കുന്ന വെള്ള യൂണിഫോം ഷർട്ടിലൂടെ ബ്രേസിയർ മാറിനു കുറുകെ ഒരു തെളിഞ്ഞ നേർ രേഖ വരയ്ക്കുമായിരുന്നു. ആ വരയായിരുന്നു നെഞ്ചിലേക്ക് നീളുന്ന കണ്ണുകളുടെ ഫോക്കസ് പോയിന്റ്. മുഖത്തേക്ക് നോക്കാൻ പേടിയെന്നു പറഞ്ഞ് ശരീരത്തിന്റെ മധ്യഭാഗത്തിൽ നോട്ടമുറപ്പിക്കുന്ന ചെറുക്കൻമാരുടെ കൊഴുത്ത കാഴ്ചകൾക്ക് മതിലു കെട്ടാൻ എലിവാലു പോലെ പിന്നിയിട്ട രണ്ടു മുടി കഷ്ണങ്ങൾ മാത്രം... 

എന്നും വൈകീട്ട് ചോര ചത്ത് വീർത്തിരിക്കുന്ന തോളുകളിൽ നിന്ന് സ്ട്രാപ്പ് വലിച്ചു നീക്കി പോണ്ട്സ് പൗഡറിടാൻ നേരം അമ്മ പറയും, അടുത്ത വട്ടമാകട്ടെ നല്ലതൊന്ന് വാങ്ങാമെന്ന്. പിന്നെയത് മറക്കും. വീണ്ടും തുണിക്കടയിലെ വില കുറഞ്ഞ അടിവസ്ത്രങ്ങളുടെ പെട്ടിയിലേക്ക് അവരുടെ കൈകൾ നീങ്ങും. പാകമൊന്നും നോക്കാതെ ധൃതിപെട്ടൊന്നെടുക്കും. നെഞ്ചിലവ പിടിമുറുക്കും.

ആശുപത്രി കിടക്കയിലെ പാതിമയക്കത്തിനിടയിൽ അമ്മയുടെ പോണ്ട്സ് പൗഡറിന്റെ ഗന്ധം മൂക്കിൽ തുളച്ചു കയറിയപ്പോഴാണ് കണ്ണുകൾ തുറന്നത്. മുന്നിലതാ ഒരു പച്ച സാരിയിൽ അമ്മ ഉദിച്ചു നില്കുന്നു... ജനിച്ചയന്ന് തോട്ടേറ്റ അൾട്രാ വയലറ്റ് രശ്‌മികളൊരു സുന്ദര കറുത്ത രാശി സൃഷ്ടിച്ചിട്ടുണ്ട്, അമ്മയുടെ മുഖത്ത്. അതിനു തൊട്ടു മുകളിലുണ്ട് പോണ്ട്സിന്റെ മായാലോകം...

മൂന്നാലു വർഷമായി സൺ സ്ക്രീൻ ഇടുന്നതിന്റെ പ്രകടമായ മാറ്റവും കൊണ്ടായിരുന്നു അമ്മയുടെ ആശുപത്രി സന്ദർശനം. ക്രീമിന്റെ മുകളിലായിട്ടമ്മ ഒളിച്ചു കടത്തിയ പൗഡർ കുത്തുകളിലേക്കു മാത്രമവൾ നോക്കിയിരുന്നു.

അമ്മയ്ക്കെന്തൊരു വ്യത്യാസം. കണ്ണുകളിൽ എന്തോ വല്ലാതെ തിളങ്ങുന്നു.         

നങ്ങേലിയുടെ കാതുകളിൽ ചുണ്ടു ചേർത്ത് അവരിത്ര മാത്രം ചോദിച്ചു.

" രണ്ടും കളയുന്നതായിരുന്നില്ലേ നല്ലത്"

എനിക്ക് തോന്നിയില്ല എന്ന് പറഞ്ഞു കൊണ്ട് നങ്ങേലി ചുവരിലേക്ക് നോക്കി കിടന്നു. അവിടെ ഒരു പല്ലിയുടെ പേറ് നടക്കുന്നതായി അവൾ സങ്കല്പിച്ചു. 

പണ്ടച്ഛൻ ഇക്കഥ പറഞ്ഞാണ് ചോറ് വാരി തരിക. ചുവരിലിഴയുന്ന പല്ലിക്കു പെട്ടന്നൊരു പേറ്റുനോവ്. പരന്ന നിലത്തേക്ക് ഇഴഞ്ഞെത്താൻ ഒരുപാട് ദൂരമുണ്ടെന്നിരിക്കെ പല്ലിയവിടെ കുത്തനെ നിന്നൊരു കുഞ്ഞിനെ പെറ്റു. വേഗം ചോറുണ്ടില്ലെങ്കിൽ ആ പല്ലി കുഞ്ഞ് ചോറിൽ വീഴും. നങ്ങേലി പേടിച്ച് ചോറുണ്ണും. എന്നും... 

ഒടുവിൽ, ഒരു ദിവസം ഫ്യൂസായ ട്യൂബ് ലൈറ്റ് മാറുന്നതിനിടെ അതിൽ കണ്ട വെളുത്ത ചെറിയ മുട്ടകളെ പറ്റി ചോദിച്ചപ്പോൾ അമ്മയാണ് പറഞ്ഞത് പല്ലി മുട്ടയാണെന്ന്. അന്നത്തെ അച്ഛന്റെ ചിരി ഓർക്കുമ്പോൾ മാത്രം തോന്നും അച്ഛനു വേറെ മക്കളൊന്നും വേണ്ടായിരുന്നെന്ന്. 

പക്ഷെ അച്ഛന് വേറെയും അവകാശികളുണ്ടായിരുന്നു. 

നങ്ങേലിയുടെ പത്തു വയസിനു മുന്നേ അച്ഛൻ ആ പിള്ളേരെ നോക്കാൻ പോയി. 

അവൾ തിരിഞ്ഞു നോക്കുമ്പോൾ അമ്മ നടന്നു നീങ്ങുകയാണ്. ഒരു ചെറുപ്പകാരനും കൂടെയുണ്ടായിരുന്നു. അവൾ വീണ്ടും ചുവരിലെ പേറ്റുനോവിലേക്കു കണ്ണടച്ചു.

അമ്മയുടെ വരവും പോക്കും അവിടെ യാതൊരു വ്യത്യാസവും വരുത്തിയില്ല. മറിച്ച്, ഹൃദയത്തിന്റെ നാലറകളും ഒരുപോലെ തിരഞ്ഞത് ഒരാളെ മാത്രമായിരുന്നു.

ഗിത്ത്.

ജോലി ചെയ്തിരുന്ന പരസ്യ കമ്പനിയിലെ സീനിയർ വീഡിയോഗ്രാഫർ, ഒരസാമാന്യ സ്ട്രീറ്റ് ഫോട്ടോഗ്രാഫർ, ഭീകര കാമുകൻ, അതി ഭീകര സെക്സ് ഫ്രീക് എന്നതിലുപരി ആദ്യമായൊരു മിക്സ് ടേപ്പ് സമ്മാനിച്ചയാളായിരുന്നു നങ്ങേലിയ്ക്കയാൾ.

യേശുദാസിന്റെ പാട്ടുകളായിരുന്നു അവൾക്കിഷ്ടം. പിറന്നാളിന്റെയന്ന്, ആഗസ്ത് പത്തൊൻപതിനു രാവിലെ, ഒരു പീച്ച് സമ്മാനപ്പൊതി കൊണ്ട് മൂടിയ ടേപ്പ് കയ്യിൽ തന്നു കൊണ്ടവൻ ചോദിച്ചു,

"എല്ലാവർക്കും ഇഷ്ടമുള്ള ഒരാളുടെ ഫാൻ ആയിരിക്കാൻ എങ്ങനെ സാധിക്കുന്നു, റെയർ പീസുകളെയല്ലേ ആരാധിക്കേണ്ടത്"

അവൾ മറുപടിയൊന്നും പറഞ്ഞില്ല. 

പതിയെ, ഒരു യേശുദാസ് ആരാധികയും ഒരു സൈമൺ & ഗഫങ്കൽ ഫനാറ്റിക്കും തമ്മിൽ പ്രേമിക്കാൻ ആരംഭിച്ചു. 

അമ്പിളി പൂവട്ടവും സൗണ്ട് ഓഫ് സൈലൻസും ഒരുപോലെ തലങ്ങും വിലങ്ങും നിന്ന് അവരുടെ രാവുകളെ കുളിരു കൊള്ളിച്ചു...



ഗിത്ത് മാത്രം ഇത് വരെയെത്തിയില്ല.

മുറിച്ചു മാറ്റപ്പെട്ട അവയവത്തിലായിരുന്നു, അയാളുടെ സ്നേഹം നിലനിന്നിരുന്നതെന്നവൾക്ക് തോന്നി.
 

പ്രേമിക്കുന്ന കാലം മുതലേ അയാൾക് കൊതിയായിരുന്നു. ആദ്യമൊക്കെ തൊടാൻ. പിന്നെ തലോടാൻ, പിന്നെയങ്ങനെ… ട്രെയിനിലെ ആളൊഴിഞ്ഞ എ സി കംപാർട്മെന്റിൽ വെച്ചായിരുന്നു ആദ്യം അയാൾ അവിടെ ഉമ്മ വെച്ചത്.

ബ്രാ സ്ട്രാപ്പുകൾ താഴേക്കു വലിച്ചു മാറ്റിയിട്ട് ആദ്യമയാൾ കൈ വെച്ചത് തോളിലെ മുറിവുകളിലായിരുന്നു. ബ്രായുടെ മുറുക്കത്തിൽ വന്ന പാടുകളിൽ വെറുതെ ഒന്ന് കൈയ്യോടിച്ചിട്ടു അയാൾ ചോദിച്ചു,

" ഇതിനെയെല്ലാം ഇത്രയും ശ്വാസം മുട്ടിക്കുന്നതെന്തിന്?"

"ഷെയ്പ്പിൽ നിൽക്കാൻ", നങ്ങേലി പറഞ്ഞു.

" എന്തിനാ ഷെയ്പ്പ്, ആണുങ്ങളെ കാണിക്കാനാണോ"

രണ്ടാളും ചിരിച്ചു.

"അല്ല, എനിക്ക് കാണാൻ", നങ്ങേലി പൊട്ടിച്ചിരിച്ചു പറഞ്ഞു.

അയാൾ ചിരിയൊതുക്കി തോളിൽ അമർത്തി ചുംബിച്ചു. അയാളുടെ ഉമിനീര് അമ്മയുടെ പോണ്ട്സ് പൗഡർ പോലെ, തോളിലെ വേദനയൊക്കെ ഒപ്പിയെടുത്ത മുറിവെണ്ണ.

സർജറിയുടെ കാര്യം പറഞ്ഞപ്പോഴേക്കും എതിർപ്പായിരുന്നു. അതില്ലേൽ നീ കൊള്ളില്ല എന്നൊക്കെ പിച്ചും പേയും പറഞ്ഞ് അയാളൊരിക്കൽ പോയി. പിന്നെ വന്നില്ല. മുന്നൂറ്റിയറുപത്തിയഞ്ചിൽ ഒരല്പം കൂടുതൽ ദിവസം കൂടെ കിടന്നിട്ടും അയാൾ വേറെയൊന്നും തന്നിൽ കാണാത്തതിൽ അവളുടെ ഹൃദയം വെറുതെ കിടന്നു മോങ്ങി.

നാളെ ഡിസ്ചാർജാണ്. വീണ്ടും ഹോസ്റ്റലിലേക്ക് പോകുന്നതിനെ പറ്റിയോർത്ത് അവൾക്കു വെറുപ്പ് തോന്നി. ഒരു വര്ഷമായിട്ട് ഗിത്തായിരുന്നു അവളുടെ വീട്. 

ഒരിടവേളയ്ക്കു ശേഷം ഹോസ്റ്റലിൽ തിരിച്ചെത്തിയ നങ്ങേലിയ്ക്കു റൂംമേറ്റിന്റെ വക ഒരു സമ്മാനമുണ്ടായിരുന്നു. ഒരു മുഴുത്ത പാഡഡ് ബ്രാ. താല്പര്യം തോന്നാതെ നങ്ങേലി അതിനു നേരെ മുഖം തിരിച്ചു. 

ആ മാസത്തെ കീമോയ്ക്കാണ് പിന്നീട് പുറത്തേക്കിറങ്ങുന്നത്. നെഞ്ചിലെ നിരപ്പില്ലായ്മയിൽ തട്ടി തടഞ്ഞു ഒരു പാട് കണ്ണുകൾ ബോധം കെട്ടു വീഴുന്നതവൾ കണ്ടു. നീണ്ട ദുപ്പട്ടയുള്ള ഒരു ചുരിദാർ ധരിക്കാൻ എന്തുകൊണ്ട് തനിക്കു തോന്നിയില്ല എന്നവൾ തല കുനിച്ചുള്ള ആ നടത്തത്തിനിടയിൽ ഒരുപാട് ചിന്തിച്ചു. 

തിരിച്ചെത്തി ഫോൺ എടുത്ത പാടെ അതിൽ അയാളുടെ മുഖം ഒരു നോട്ടിഫിക്കേഷൻ രൂപത്തിൽ തെളിഞ്ഞു. ഫോണിൽ ഗിത്തിന്റെ ടെക്സ്റ്റ് മെസ്സേജ് തുറന്നതിനു പിന്നാലെ, കട്ടിലിൽ കിടന്ന പുത്തൻ ബ്രായും അകത്തണിഞ്ഞ് അവൾ പുറത്തേക്കിറങ്ങി. 

ഡെഡ് ലൈനും വർക്ക് പ്രെഷറും കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയിലാണ് ഗിത്തിന്റെ സ്പേസിലേക്കെത്തുന്നത്. വർക്കിംഗ് ടൈമിനപ്പുറം ഒരു നിമിഷം പോലും അവനെ ഓഫീസിൽ കാണുമായിരുന്നില്ല. ഗിത്ത് അപ്പോഴേക്കും വീട്ടിലെത്തി കാണും. അല്ലെങ്കിൽ ഒരു പക്ഷെ അടുത്തുള്ള ആർട്ട് ഗാലറിയിൽ.

നങ്ങേലി ഓവർ ടൈം കഴിഞ്ഞു വരും നേരം ചുണ്ടിലൊരു കിങ്‌സ് പുകച്ച് അയാൾ ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടാവും. ശേഷം വൈകിയ രാത്രിയിൽ, വാടകയ്‌ക്കെടുത്ത മുകൾ നിലയിലേക്ക് സോഡിയം വേപ്പർ നിറച്ച ഉണ്ട ബൾബിന്റെ വെളിച്ചത്തിൽ തപ്പി പിടിച്ചു കയറും.   



അയാൾ ബാല്കണിയിൽ നിന്നും കൈ വീശി കാണിക്കുന്നുണ്ട്. നങ്ങേലി വീടിനു പുറത്തു കൂടിയുള്ള പിരിയൻ ഗോവണി കിതച്ചു കയറി. അവൾ നട്ടു നനച്ചു വളർത്തിയ കടലാസു റോസെല്ലാം ഉണങ്ങി പോയിരുന്നു. 

അയാളുടെ കീഴ്ത്താടിയിൽ വളർന്നു നിൽക്കുന്ന കുറ്റി രോമങ്ങളിൽ തഴുകി അവൾ വീണ്ടും അവന്റെ ടെക്സ്റ്റ് മെസ്സേജിലേക്കു നോക്കി. 

ഒരു ഇമോജി പോലുമില്ലാത്ത സോറി എന്ന പ്ലെയിൻ മെസ്സേജ്. ഇമോജിയില്ലാതെ അവന്റെ മെസ്സേജുകളിലെ അർഥം വായിച്ചെടുക്കാൻ അവൾക്കു പ്രയാസമായിരുന്നു. 

ഒന്നും മിണ്ടാതെ അയാൾ അവളുടെ ഏറെ ഇഷ്ടപെടുന്ന രണ്ടിടങ്ങളിൽ അമർത്തി തൊട്ടു നോക്കി. ഒന്നിൽ കനം, മറ്റേതിൽ പൊള്ള. അവൾ അവന്റെ കൈ തട്ടി മാറ്റി അവനെ ആഴത്തിൽ ഉമ്മ വെച്ചു. പരാതി പറയുന്ന കുട്ടിയുടെ ഭാവമായിരുന്നു അപ്പോൾ അവളുടെ പാതിയടഞ്ഞ കണ്ണുകൾക്ക്. പോകെ പോകെ അവന്റെ കൈ അവളുടെ കഴുത്തിന് താഴേക്കു അലയാൻ തുടങ്ങി. പാഡഡ് ബ്രായുടെ അമിത ഭാരത്തിൽ നിന്നും നങ്ങേലി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അയാൾ ഇടതിനെയും വലതിനെയും ഒരുപോലെ ഓമനിച്ചു. അവളുടെ നെഞ്ചിലെ രോമങ്ങൾക്കു തലക്കനം വെച്ച് തുടങ്ങി. അവ എഴുനേറ്റു നിന്ന് മാറിൽ വീർപ്പുമുട്ടി. ഇടതു വശത്തുള്ളപോലൊരു മുലകണ്ണ് വലത്തും തെളിഞ്ഞു തുടങ്ങി. കോശങ്ങളും പേശികളും നിറഞ്ഞൊരു മാംസ പിണ്ഡം താഴെ തെളിയുന്നത് കണ്ട് അവളുടെ വലത്തേ കണ്ണ് തുടിച്ചു. 

കാഴ്ച്ചയുടെ ഞരമ്പുകൾ അവസാനമായി കണ്ട ബിനാലെയിലെ മിറർ ബോക്സ് എന്ന ഇൻസ്റ്റലേഷന്റെ ഉള്ളിലേക്ക് അസാമാന്യമായ മെയ്‌വഴക്കത്തോടെ വഴുതി വീണു. 

നങ്ങേലി ശ്രദ്ധയോടെ ഇൻസ്റ്റലേഷന് സമീപമുള്ള കുറിപ്പ് വായിക്കുകയാണ്. പണ്ടു പണ്ട് സ്റ്റീൻ എന്നൊരാൾക്ക് തന്റെ അറ്റ് പോയ കയ്യ് അവിടെയുണ്ടെന്നൊരു വിചിത്ര തോന്നൽ വന്നത്രേ. പോരാത്തതിന് ഇല്ലാത്ത കൈയ്ക്കു തളർച്ച ബാധിച്ചിട്ടുണ്ടെന്നും. രാമചന്ദ്രൻ എന്നൊരു ഡോക്ടറാണ് ഇതിനു പരിഹാരമായ് ഒരു കണ്ണാടി കൂടുണ്ടാക്കുന്നത്. തനിക്കുള്ള ഒരേ ഒരു കൈ അവിടെ വെച്ച സ്റ്റീൻ കാണുന്നത് ഒരു കുഴപ്പവുമില്ലാത്ത അറ്റു പോയ കൈയുടെ റിഫ്ലക്ഷൻ ആയിരുന്നു. അയാൾ തനിക് ഉള്ള കൈ അനക്കി പ്രേതാവയവത്തിന്റെ ചലനങ്ങൾ കണ്ണാടി കൂട്ടിൽ കണ്ട് ആശ്വസിച്ചു.

"ബ്രെയിൻ ഈസ് നത്തിങ് ബട്ട് എ കൊണൻഡ്രം ഓഫ് ഷിറ്റി നെർവ്സ്"

മിറർ ബോക്‌സിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് ഗിത്ത് എഴുതിയ ക്യാപ്ഷൻ തിരുത്തി അന്ന് നങ്ങേലി കമെന്റിൽ കുറിച്ചു.

" നോട്ട് എ കൊണൻഡ്രം ഓഫ് ഷിറ്റി നെർവെസ്, ബട്ട് എ മിസ്റ്ററി ഓഫ് ബ്യൂട്ടിഫുൾ നെർവ്സ്"

***************************************

അവന്റെ ചുണ്ടുകൾ ഒരു കണ്ണാടി കൂടെന്നവണ്ണം ഇല്ലാത്തതൊന്നിന്റെ പ്രതിഫലനം കൊണ്ട് അവളുടെ മിറർ ന്യൂറോണുകളെ തുടർച്ചയായി ഉത്തേജിപ്പിച്ചു. അവളുടെ തലച്ചോർ സൗകര്യപൂർവം അറുത്തുമാറ്റപ്പെട്ടതിന്റെ ഓർമ മറന്നു കളഞ്ഞു. നെഞ്ച് വിരിച്ച് തടിച്ച രണ്ടു മുലകളുമായി അവൾ അവനിൽ നിറഞ്ഞു കിടന്നു.

സന്ധ്യ കഴിഞ്ഞപ്പോൾ ഒരു ദുസ്വപ്നത്തിൽ നിന്നെന്നവണ്ണം തിടുക്കപ്പെട്ടവൾ എണീറ്റു, പുറത്തേക്കു നടന്നു. 

കട്ടിലിനരികെ മുറിച്ചിട്ട പാഡഡ് ബ്രായിൽ നിന്നും ചോര, അവൾക്കു പിന്നാലെ ഒരു പുഴ പോലെ ഒഴുകുന്നത് അവൻ മാത്രം കണ്ടു. 

Comments

Popular Posts