പ്രിയപ്പെട്ട വിക്ടർ ലീനസിന്..... ❣️


പ്രിയപ്പെട്ട വിക്ടർ ലീനസിന്,
         അറിയാനേറെ വൈകിപ്പോയൊരു പേരാണ് നിങ്ങളുടേത്. അറിഞ്ഞതിനുശേഷം പുസ്തകത്തിന്റെ കോപ്പി കയ്യിൽ കിട്ടാനും താമസിച്ചു. പന്ത്രണ്ട് കഥകൾ മാത്രം എഴുതിവെച്ചെന്തു പെട്ടെന്നാണ് നിങ്ങൾ കടന്നു പോയത്... അവസാന കഥയും വായിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങളെയീ ജന്മത്തിൽ വായിക്കാനാവില്ലലോയെന്ന പേടിയാൽ ഒച്ചിഴയും പോലാണിപ്പോൾ വായന. പല കഥകളും പലയാവർത്തി വായിച്ചു. എല്ലാ കഥകളിലെയും നായകന് നിങ്ങളുടെ മുഖമാണ്. കട്ടി മീശയും വളർച്ചയെത്താത്ത പുരികങ്ങളും...
'മഴമേഘങ്ങളുടെ നിഴലിൽ' ആണു ഞാൻ ആദ്യം വായിക്കുന്നത്. നടുവിലെ പാളി അടഞ്ഞുകിടക്കുന്ന മൂന്നു പാളി ജനലാണ് അവിടുത്തെയെന്റെയോർമ്മ. പിന്നീടുവന്ന ഓരോ കഥകളും വായിച്ചങ്ങു പോയി. എനിക്ക് വളരെയേറെ ആത്മബന്ധം തോന്നിപ്പിക്കുമാറ് ഓരോ കഥാപാത്രങ്ങളും.
 പ്രപഞ്ചത്തെക്കുറിച്ചും തന്നെക്കുറിച്ചുതന്നെയും മഹത് പ്രതീക്ഷകളുള്ള ആ പത്തൊമ്പതുകാരനെയും പിന്നെ ലീലയെയും ഞാനെങ്ങനെ മറക്കും... വായനയങ്ങനെ നീളുമ്പോഴാണ് നിങ്ങളുടെ പുസ്തകം കയ്യിലെടുത്തപ്പോൾ തൊട്ടുള്ള ആ പേടി വീണ്ടും കടന്നുവരുന്നത്. എല്ലാ കഥകളും വായിച്ചുതീർത്താൽ പിന്നെ ഞാൻ നിങ്ങളെയെങ്ങനെ വായിക്കും. അത്തരമൊരു ചിന്തയിൽ എട്ടുകഥകളിൽ വെച്ചെന്റെ വായന ഞാൻ മുറിച്ചു കളഞ്ഞു. മരിക്കുന്നതിനു മുൻപ് വരെ നിങ്ങളുടെ ഒരു കഥയെങ്കിലും വായിക്കാതെ അവശേഷിപ്പിക്കണം എന്നുള്ളതാണ് ഇപ്പോഴത്തെ ആലോചന. കേവലം പന്ത്രണ്ടു കഥകളെഴുതിയ ഒരു മഹാകഥാകാരനെ പൂർണ്ണമായും വായിച്ചു തീരാതെ ഞാൻ കടന്നു പോകട്ടെ...
അധികമൊന്നുമെഴുതാനില്ല.
അപൂർണതയാകട്ടെ താങ്കൾക്കെഴുതുന്ന കത്തിന്റെ മുഖമുദ്ര.
നിർത്തുകയാണ്...
 മരണമില്ലാത്ത എഴുത്തുകാരന്, അവളെ മാത്രം കാണുകയും പ്രപഞ്ചത്തെ മുഴുവൻ കണ്ടു എന്നഹംഭവിക്കുകയും ചെയ്ത രണ്ടു കണ്ണുകൾക്ക്, ഒരിക്കലും ഞാൻ വായിച്ചു തീർക്കാൻ സാധ്യതയില്ലാത്ത കഥാകാരന്....
സ്നേഹപൂർവ്വം,
അഞ്ജിത 

Comments

Popular Posts