ഞാൻ കണ്ട തെയ്യം
വെയില് പരക്കുന്ന സമയമാണ്. തലശ്ശേരിയിൽ നിന്നും കുറച്ച് ഉള്ളിലോട്ട് കയറി ഒരു കൊച്ചു പാർട്ടി ഗ്രാമം. ചെന്നിറങ്ങുമ്പോൾ അവിടൊരു തെയ്യം പുറപ്പാടിനൊരുങ്ങുകയാണ്. ശാസ്ത്തപ്പൻ തെയ്യം...
കത്തുന്ന വെയിലിനിടയിൽ, ഭാരപ്പെട്ട വേഷവുമണിഞ്ഞ്, കാവിനെ വലം വെച്ച്, ഭക്തരുടെ വിഷമങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോഴേക്കും ദൈവത്തിന് ചുമ തുടങ്ങിയിരുന്നു.
അടുത്തുനിൽക്കുന്ന കൂട്ടാളിയോട് കൽക്കണ്ടമോ മറ്റെന്തെങ്കിലുമോ എടുത്ത് നൽകാൻ അയാൾ ഇടയ്ക്കിടെ ഉറക്കെ പറയുന്നു.
ശ്വാസതടസത്തിനും പൊള്ളുന്ന ചൂടിനും ഇടയിൽ എങ്ങനെയാണ് ശാസ്ത്തപ്പന് മണിക്കൂറുകളോളം ജനങ്ങളുടെ വേവലാതികൾ കേൾക്കാനാവുകയെന്നതാണൊരത്ഭുതം.
ശേഷം കണ്ഠഗർണ്ണന്റെ എഴുന്നള്ളത്ത്...
പതിനാറ് പന്തങ്ങളുടെ ചൂടിന് നടുവിൽ വെന്തുടഞ്ഞ്, വരണ്ട നാവ് ഇടയ്ക്കിടെ പുറത്തേക്ക് നീട്ടി, താപശമനം തേടുന്നൊരു കോലധാരി. നീളമുള്ള മുടി അയാളുടെ ചലനങ്ങളെ ചടുലമാക്കാൻ അനുവദിക്കാത്ത പോലെ...
ചുറ്റിലും വിയർക്കുന്ന, ചുമയ്ക്കുന്ന, തളരുന്ന, ദൈവങ്ങൾ....
പന്തങ്ങളുടെ ആവിയിൽ നിന്നും മുഖം തിരിച്ചപ്പോൾ കണ്ട, വലിച്ചു കെട്ടിയ വെളുത്ത തുണിയിലെ കറുത്ത ചെഗുവേര പടം തലേന്ന് രാത്രി കേട്ട ഒരു സംഭവത്തെ ഓർമിപ്പിച്ചു.
ശ്രീയുടെ അച്ഛനാണ് പറഞ്ഞത്,
പണ്ടത്തെ രക്തസാക്ഷികളാണ് ഇന്നത്തെ തെയ്യങ്ങൾ എന്ന്.
അതെ... ഞാൻ കണ്ട തെയ്യ കാവിൽ ദൈവങ്ങളില്ല. ഉള്ളത് മനുഷ്യർ മാത്രം.
രക്തസാക്ഷികളിൽ നിന്നും ദൈവങ്ങളിലേക്ക് സ്ഥാന കയറ്റം കിട്ടി ഒടുവിൽ
പന്തങ്ങൾക്കും ഭക്തർക്കും ഇടയിൽ പെട്ടു, ദാഹിച്ച് നാവ് വരളുന്ന രണ്ടു മനുഷ്യർ........
Comments
Post a Comment