ഇരുണ്ട മുറിവുകൾ

                  സ്നേഹമെന്നു പറഞ്ഞാൽ പോരാ, പ്രണയം തന്നെയായിരുന്നു. ആത്മാവിന്റെ ആഴത്തിൽ അവന്റെ പേര് പച്ചകുത്തിയപ്പോൽ,ഇനി ഒരിക്കലും മായ്ച്ചു കളയാനാവാത്ത വിധം വേരുപിടിച്ച പ്രേമം. കർത്താവിന്റെ ദാസിമാർക്കു പ്രണയിക്കാൻ കർത്താവ് മാത്രമേയുള്ളു എന്നൊരായിരം വട്ടം മനസിനെ പറഞ്ഞ് പഠിപ്പിച്ചതാണ്. ഉണർന്ന് വരുന്ന പ്രണയ കാമനകളെ കൊന്തയും ജപങ്ങളും വെച്ച് ഉറക്കി കിടത്താൻ നോക്കിയതുമാണ്. എന്നാലും അവനെ മറക്കാൻ ആവതില്ലാലോ. ഹൃദയത്തിന്റെ വളക്കൂറുള്ള മണ്ണിൽ അവൻ ഒരു ഇരുണ്ടക്കാടു തന്നെ സൃഷ്ടിച്ചിരിക്കുന്നു. ചില്ലകൾ വെട്ടി ഒതുക്കുന്നതറിയാതെ വളർന്ന് പന്തലിക്കുന്ന അവന്റെ വേരുകൾ....
                          പണ്ട് നാലാം ക്ലാസിലെ പിറന്നാളിന് സമ്മാനമായി കിട്ടിയ ഒലിവർ ട്വിസ്റ്റ് വായിച്ചത് മുതൽ കണ്ട സ്വപ്നമായിരുന്നു ഒരു ലൈബ്രേറിയനാവുക എന്നത്. ഒലിവർ ട്വിസ്റ്റ് പോകാറുള്ള വായനശാല അത്രയും പ്രിയപ്പെട്ടതായിരുന്നു. ഇന്നും ഒരു മിഴിപൂട്ടലിന്നപ്പുറം അവിടമെല്ലാം മനസ്സിൽ തെളിഞ്ഞു വരും..... ആരാണു വിളിച്ചതെന്നിപ്പഴും അറിയില്ല. ആരോ വിളിച്ചു. പൊതുസമൂഹമതിനെ ദൈവവിളി എന്നും വിളിച്ചു. വർദ്ധിച്ചു വരുന്ന കൗതുകങ്ങളുടെ കൗമാരക്കാലത്തിൽ കന്യാവ്രതമെന്ന പുതപ്പിനാൽ ഞാൻ എന്നെ മറച്ചു. അതോടെ ലൈബ്രറി പോലുള്ള പൊതു ഇടങ്ങൾ എന്റെ സ്വപ്ന രേഖയ്ക്കും അപ്പുറമായ്. നോവിഷ്യേറ്റ് കാലങ്ങൾക്കിപ്പുറം മലയാളം ടീച്ചറാവാൻ എടുത്ത തീരുമാനത്തിനു പിന്നിൽ പുസ്തകങ്ങളെന്ന ഒറ്റ ലക്ഷ്യമേ ഉണ്ടായുള്ളൂ.
                          പുസ്തകങ്ങളെടുക്കാൻ ഏണി വെച്ച് കേറുന്ന രൂപമായിരുന്നു ആദ്യമവൻ. പിന്നെ പിന്നെ തോളറ്റം ചാഞ്ഞ് കിടക്കണ അവന്റെ മുടിയെയും കട്ടി കണ്ണടയ്ക്കുള്ളിൽ ഒളിപ്പിച്ച കടലോളം ആഴമുള്ള കുഞ്ഞു കൃഷ്ണമണികളെയും ഞാൻ ആരാധിക്കാൻ തുടങ്ങി. കണ്ണട ഉണ്ടെന്നേയുള്ളൂ, അല്ലേൽ തനി ക്രിസ്തു അത്രതന്നെ. ഒരു സർക്കാർ ജോലിക്കപ്പുറം വാക്കുകളെ പ്രണയിക്കാൻ അവൻ തേടിയ മാർഗ്ഗമായിരുന്നു ഈ ജോലി. ലൈബ്രേറിയൻ, ജാര കാമുകന്മാർ ഒരുപാടുണ്ടെന്നറിഞ്ഞിട്ടും തന്റെ സഖിയെ, പുസ്തകത്തെ പ്രണയിച്ചവൻ.
                           "സിസ്റ്ററെ, സിസ്റ്ററ് *മരയ വായിച്ചിട്ട്ണ്ടാ... ഇല്ലേൽ വായിക്കണം. അല്ലേൽ നഷ്ട്ടാ". മരയ എന്ന പേരുപോലും അന്ന് വിചിത്രമായി തോന്നി. എന്നാലും അവൻ പറഞ്ഞതല്ലേ എന്ന് കരുതി വായിച്ചു നോക്കി. പിന്നീട് പലയാവർത്തി എന്നോടവൻ പറഞ്ഞിട്ട്ണ്ട് എന്റെ ഒരു പ്രതിബിംബമാണ് മരയ എന്ന്. സൗണ്ട് ഓഫ് മ്യൂസിക് കാണുന്ന, പുസ്തകത്തെ സ്നേഹിക്കുന്ന, ആവൃതിയിലെ മരയ. ഞാനും അന്ന് തൊട്ട് എന്നെ ഒരു കുഞ്ഞു മരയയായ് കാണാൻ തുടങ്ങി. ഇതിഹാസപുരുഷൻ രവിക്കൊപ്പം ഞാനും അവനും ഖസാക്കിലേക്ക് യാത്രയായ്. ഖാലിദ് ഹൊസൈനിയുടെ 'പർവതങ്ങൾ മാറ്റൊലി കൊള്ളുന്നു ' വായിച്ച് അതിലെ പരിയ്ക്കും അബ്ദുല്ലയ്ക്കും വേണ്ടി മൗനമായി തേങ്ങി. കൈറ്റ് റണ്ണറിലെ അമീറിനും ഹസ്സനുമൊപ്പം ഞങ്ങളും പട്ടം പറത്തി. എന്റെ ആവൃതിയിലെ വെളിച്ചമായിരുന്നു അവൻ.
                          കിനാവുകളിൽ ഒരുപാട് യാത്ര ഞങ്ങൾ പോയിരുന്നു. സ്പിതിവാലിയുടെ മഞ്ഞുവീണ രാത്രികളിൽ, നക്ഷത്രങ്ങൾ കൊണ്ട് ഞങ്ങൾ പൂജ്യം വെട്ട് കളിക്കുമായിരുന്നു. അൾത്താരയിൽ ഞാൻ കാണുന്ന ക്രിസ്തുവിനു പോലും അവന്റെ ച്ഛായ തോന്നിത്തുടങ്ങിയിരിക്കുന്നു. കുർബാനയപ്പത്തിൽ അവന്റെ മുഖം തെളിഞ്ഞു വരുന്ന പോലെ. മദറിന്റെ ശകാരം പോലും ഇപ്പോ അവന്റെ പ്രണയഗീതം പോലെ. " എന്താ ഉഷസ്സേ ഇപ്പോ എപ്പോഴും ചിരി ". ശരിയാണ്. കർത്താവിന്റെ മണവാട്ടിമാർ നിർവികാരരാവണം എന്ന തത്വം ഞാൻ മറക്കരുതല്ലോ.
                           കൊറിയൻ സിനിമകളോടായിരുന്നു അവന്റെ പ്രിയം. കൊറിയൻ സിനിമയില്ലെങ്കിൽ മലയാളം സിനിമ പോലുമുണ്ടാവില്ലല്ലോ എന്നെല്ലാം അവൻ പറയും. 'ത്രീ അയേൺ' എന്നാൽ സിനിമയെപ്പറ്റി ഞാൻ കേൾക്കാത്ത ദിവസങ്ങളില്ല. " സിസ്റ്ററതു കാണണം എന്ന് ഞാൻ പറയില്ല, സിനിമയല്ലേ മനുഷ്യന്റെ ത്രീവ വികാരങ്ങൾക്കാണവിടെ സ്ഥാനം. അതെല്ലാം നിങ്ങൾക്ക് പഥ്യമാണല്ലോ. എന്നാലും കഥ നല്ലതാ". കുറേക്കാര്യങ്ങൾ ചെയ്യണമെന്ന് പറയും. പിന്നീട് അത് ചെയ്തോ എന്നു പോലും അന്വേഷിക്കില്ല. അവനോട് ഞാനെപ്പഴും പറയും ' അന്റെ തലയ്ക്കകത്ത് നെറയെ നെലാവെളിച്ചാന്ന് ".
                            ' കൂടെ പോരുന്നോ' പോലുള്ള പൈങ്കിളി ക്ലീഷേകൾ ഒന്നും ഞാനവനിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ പോവുന്നതിനുമുമ്പ് ഇഷ്ടമാണെന്നൊരു വാക്ക് കേൾക്കാൻ കൊതിച്ചിരുന്നു. ആ ഒരു വാക്കിനപ്പുറം ഈ ആവൃതി എനിക്കന്യമാവും എന്ന് ഞാൻ കരുതി. ഇനിയുള്ള നാളുകളിൽ എന്റെ ചിറകുകൾ ആവോളം വിടർത്താമെന്ന് പ്രതീക്ഷിച്ചു. ട്രാൻസ്ഫർ ലെറ്റർ കിട്ടിയതിനുശേഷം ഒരു ദിവസമെങ്കിലും എന്റെ കൂടെയായിരിക്കാൻ അവനു തോന്നിലല്ലോ. പുതിയ കാഴ്ചകൾ......പുതിയ ആളുകൾ...... എന്തൊരു തിടുക്കമായിരുന്നു. ശരിയാണ്, എല്ലാറ്റിനോടും ഒരേ പ്രണയമുള്ളവരെ ഒരിക്കലും ആഗ്രഹിക്കരുതായിരുന്നു. അവരെ ആർക്കും സ്വന്തമായ് കിട്ടില്ല. എന്റെ ക്രിസ്തു ഇതുവരെയും എന്റെ സ്വന്തമാകാത്തപ്പോലെ.
                  കൂരിരുട്ടിലായിരിക്കുക എന്ന് പറയുന്നത് അത്ര ദുഃഖകരമല്ല. കാരണം ചുറ്റിലും ഇരുട്ടായതുകൊണ്ട് അതിന്റെ തീവ്രത നമുക്കന്യമായിരിക്കും. എന്നാൽ ആരെങ്കിലും അവിടെ മെഴുകുതിരി കത്തിച്ചാൽ, വെളിച്ചമെന്തെന്ന്  നമ്മൾ തിരിച്ചറിയും. ആ നിമിഷം തന്നെ അത് കെട്ടുപ്പോവുമ്പോൾ, നാം ആയിരുന്ന ഇരുട്ടിന്റെ തീവ്രത കൂടും. എന്റെ ആവൃതി ഒരു ഇരുട്ടായിരുന്നു. ഇന്നത് കൂടുതൽ കനപ്പെട്ടിരിക്കുന്നു. ഇനിയെന്നും ഈ ഇരുട്ടിനെ പ്രണയിച്ചുകൊണ്ടേയിരിക്കണം. അറിയാതെയെങ്കിലും വെളിച്ചം കടന്നു വരാതിരിക്കട്ടെ ഇവിടെ.
          _________________________

*മരയ: ടി. പദ്മനാഭന്റെ ഒരു ചെറു കഥ 

Comments

Popular Posts