പ്രതിഷ്ഠ
ദീർഘ നേരമായി ആരോ പിന്തുടരുന്നുണ്ട്. ആരായാലും പേടിക്കണം, സ്വന്തം നിഴലാണെങ്കിൽ കൂടിയും.. ഇരുട്ടിൽ ഉറച്ച ചുവടുകളുമായി ദേവി നടന്നു. സായാഹ്‌ന പൂജയ്ക്ക് ശേഷം ഇതു വരെ പൂജാരിയും പരിവാരങ്ങളും കൂടി ആൽത്തറയിലിരുന്ന് സൊറ പറയുകയായിരുന്നു. അതാണ് ദേവിയുടെ രാത്രി എഴുന്നള്ളത് പാതിരയ്ക്കാവാൻ കാരണം. ഏഴരയോട് കൂടി നടയിൽ നിന്നുമിറങ്ങുവാൻ തീരുമാനിച്ചുവെങ്കിലും ആൽത്തറയിൽ നിന്നുയർന്ന അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ ദേവിയുടെ ചലനശേഷി മരവിപ്പിച്ചു. അർദ്ധ നഗ്നമായ ശരീരവും കൊണ്ട് പകൽ ഭക്തരുടെ ദർശനം നേരിടുന്നത് തന്നെ വലിയൊരു കടമ്പയായിരുന്നു. അന്നേരമാണ് സമാന വേഷത്തിൽ ഈ പാതിരാ സഞ്ചാരം.
വസ്ത്രത്തിന്റെ കുറവ് എന്നത്തേക്കാളുമധികമായി അന്നു ദേവിയെ വിഷമിപ്പിച്ചിരുന്നു. അതിനിടയിലാണ് ആൽത്തറ തൊട്ട് പിന്തുടരുന്ന കാലൊച്ചകൾ... അന്നും പതിവുപോലെ ശബ്ദരഹിതമായ് വാതിൽ തുറന്നാണ് ദേവി പുറത്തേക്കിറങ്ങിയത്. കനത്ത ഇരുട്ടായിരുന്നു പുറത്തെങ്ങും. ചുറ്റുവിളക്കുകളെല്ലാം മയങ്ങി കിടക്കുന്നു. ജീവിച്ചു കൊതി തീരാത്ത ഈയൽ ചിറകുകൾ അങ്ങിങ്ങായി ചിതറി കിടപ്പുണ്ട്. ദേവിക്കു മനസ്സിലൊരു കനം അനുഭവപ്പെട്ടു. ഉറ്റവരാരുടെയോ അകാല മരണത്തെ ഓർമിപ്പിക്കുന്നതായിരുന്നു അവിടുത്തെ അന്തരീക്ഷം. ശ്രീകോവിലിലെ പല്ലി ചത്തതാണ് ഈയിടെ മനസ്സിനെ പിടിച്ചുലച്ച ആഘാതം. ദേവിക്കു മുൻപിലിങ്ങനെ മറ്റൊരാളും പിടഞ്ഞുവീണു മരിച്ചിട്ടില്ലായിരുന്നു. മനുഷ്യരുടെ മരണങ്ങളോ ദേവിയുടെ കാഴ്ച്ചാപരിധിക്കും അപ്പുറത്തായിരുന്നു.
ഏഴരയോടടുത്ത് നടക്കാനിറങ്ങുമ്പോൾ ചില വീടുകളിലെങ്കിലും കത്തി തീരാറായ വിളക്കുകൾ കാണാമായിരുന്നു. വീടുകളിലെ വെളിച്ചം പിന്നിട്ടാൽ വിശാലമായൊരു പാടമാണ്. മിന്നാമിനുങ്ങുകളുടെ വെളിച്ചം മാത്രമുള്ള നിഷ്കളങ്ക രാത്രികൾ അവിടെയാണുള്ളത്. ഇന്നീ നേരം തെറ്റിയ നേരത്തിൽ വീട്ടുമുറ്റത്തു വിളക്കുകളില്ല. പാടത്തോ മിന്നാമിനുങ്ങുകളില്ല. ചീവീടൊച്ച പോലുമില്ലാത്ത ഭയാനക രാത്രി..
ചീവീടിന്റൊച്ചകൾ ദേവിയുടെ കാതിൽ പതിച്ചിരുന്നത് ആഹിരി രാഗത്തിലാണ്. ഒരുപക്ഷേ ആഹിരി രാഗത്തിൽ പാടുന്നൊരു ചീവീട് അമ്പലത്തിനടുത്തെവിടെയോ ഒളിച്ചു താമസിക്കുന്നുണ്ടാവാം. ആ ദുഃഖപൂർണ്ണമായ സംഗീതത്തിന്റെ വശ്യതയിലാണ് ദിനവും രാത്രി ദേവി ഉറങ്ങാൻ കിടക്കുന്നത്. ആഹിരി രാഗത്തിൽ പാടിയാൽ ആഹാരം മുടങ്ങുമെന്നാണ് ചൊല്ല്. ആഹാരം കിട്ടാതെ അവശതയിലമർന്നൊരു ചീവീടായിരുന്നു സ്വപ്നങ്ങളിൽ ദേവിയുടെ തുണ.
കനത്ത ഇരുട്ടിൽ കാലടിയൊച്ചകൾ വീണ്ടും മുഴങ്ങി തുടങ്ങി. പതിയെ അടുത്തുവന്ന് ദേവിയെ മറികടന്ന് ആ കാലടികൾ മുന്നോട്ടു ചലിച്ചു. മറ്റു മനുഷ്യർക്ക് താൻ ദൈവമാണെന്നും അതിനാൽ തന്നെ അദൃശ്യയായിരിക്കുമെന്നെല്ലാം ദേവി ഈയിടെയായി മറക്കുന്നു. ഒറ്റപ്പെട്ട ജീവിതം സ്വന്തം വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് കൊണ്ടാവാം. ഭക്തരുടെ സുഖവിവരാന്വേഷണത്തിന്നപ്പുറം ശ്രീകോവിലിലെ ഒറ്റപ്പെടലിൽ നിന്നൊരാശ്വാസം കൂടിയായിരുന്നു ഈ നടത്തം. ഒറ്റപ്പെടലെന്ന വികാരത്തിന് എണ്ണയുടെ മണമായിരുന്നു. ശ്രീകോവിലിൽ തനിച്ചാവുമ്പോൾ മുപ്പതു വർഷത്തോളം അവിടൊഴുകിയ എണ്ണയുടെ മണം ദേവിയുടെ മനസ്സിൽ തികട്ടി വരും. ആ ഗന്ധത്തിന് ഹൃദയത്തിലൂടെ ശാന്തമായൊഴുകുന്ന വികാരങ്ങളെ പ്രക്ഷോഭത്തിലേക്ക് വഴിതിരിച്ചുവിടാനുള്ള ശക്തിയുണ്ടായിരുന്നു. അങ്ങനെയാണത്രേ ശാന്തയായ ദേവി ചില ദിനങ്ങളിൽ രൗദ്രഭാവത്തിലാറാടുന്നത്.
മുന്നിട്ടു പോയ കാലടിയൊച്ചകളെ പിന്തുടരാൻ ദേവി തീരുമാനിച്ചു. ഒത്ത ശരീരമുള്ളൊരു പുരുഷനാണു മുൻപിൽ. ചുമലിൽ വലിയൊരു ചാക്കും താങ്ങിയാണയാളുടെ നടപ്പ്. മിന്നാമിനുങ്ങുകളുടെ പാടവും കടന്നയാൾ മുന്നോട്ട് പോവുകയാണ്. നിലാവില്ലാത്ത ഈ രാത്രിയിൽ ഒരു കറുത്ത രൂപമായിട്ടു മാത്രമേ അയാളെ കാണാനാവുന്നുള്ളൂ. ആളില്ലാത്ത വഴിയിലെത്തിയതോടുകൂടി അയാളുടെ ചലനങ്ങൾക്കും വേഗതയേറുന്നുണ്ട്. ദേവിയാകട്ടെ തന്റെ സർവ്വാഭരണഭൂഷിതത്വത്തോടു മല്ലിട്ടു അയാൾക്കൊപ്പമെത്താൻ കിണഞ്ഞു ശ്രമിച്ചു.
തോടിനു കുറുകെയുള്ള നീണ്ടൊരു പാലത്തിലേക്കയാൾ പ്രവേശിച്ചു. പിന്നാലെ ദേവിയും. പാലത്തിന്റെ അങ്ങേയറ്റത്തായൊരു വീടുണ്ട്. ഒരേകാകിയായ ഭവനം. ഈ പാതിരാത്രിയിലും തീവ്ര വെളിച്ചമുണ്ടവിടെ. അയാൾ പതിയെ വാതിൽ തുറന്നു വീട്ടിലേക്കു പ്രവേശിച്ചു കൂടെ ദേവിയും. ഇപ്പോളയാളുടെ മുഖം തെളിഞ്ഞുക്കാണാം. ഒന്നോ രണ്ടോ വട്ടം തൊഴാൻ വന്നു കണ്ടിട്ടുണ്ടായിരുന്നു എന്നതിനപ്പുറം അവരെ തമ്മിൽ കൂട്ടി ചേർക്കുന്ന ആത്മീയ കണ്ണികൾ ഒന്നും തന്നെ ഇല്ല.. വീടിനുള്ളിൽ ഒരു മേശയ്ക്കഭിമുഖമായി രണ്ടു ചെറുപ്പക്കാർ ഇരിക്കുന്നുണ്ട്. കൊത്തി, കോടാലി, വാക്കത്തി മുതലായ ഉപകരണങ്ങളെ ഉൾക്കൊള്ളുന്ന അക്രമസ്വഭാവകാരിയാണീ മുറിയെന്ന് പ്രവേശിച്ചയുടനെ ദേവി മനസ്സിലാക്കിയിരുന്നു. ചുവരിൽ തന്റെ ഭക്തനായൊരു മാനിന്റെ ചോര തൂവുന്ന തല കണ്ടതിന്റെ നടുക്കം മാറുന്നതിനു മുൻപേ മറ്റൊരു രംഗം കൂടിയവിടെ അരങ്ങേറി.
അയാളാ ചാക്ക് മെല്ലെ തുറന്നു. ആർത്തി പുരണ്ട രണ്ടു ജോഡി കണ്ണുകളും ഒപ്പം വിടർന്നു. അമ്പലത്തിലെ ദേവി വിഗ്രഹമായിരുന്നു അതിൽ. തന്റെ ശരീരം കവർന്നെടുത്തവരുടെ മുന്നിൽ അപമാനിതയായി ദേവി നിന്നു. ഒന്നും ചെയ്യാനില്ല. ശ്രീകോവിലിൽ വെച്ചല്ലാതെ വിഗ്രഹത്തിലേക്കൊരു പുനഃപ്രവേശം സാധ്യമല്ല. അത്ഭുതസിദ്ധിയില്ലാത്തതിന്റെ ആത്മനിന്ദയിൽ ദേവിയവിടെനിന്നും പുറത്തേക്കിറങ്ങി. ഏതോ ഒരു പുരാതന ദുഃഖത്തിന്റെ ഓർമ്മയിൽ നായ്ക്കൾ കൂട്ടമായി മോങ്ങി. കയറിച്ചെല്ലാൻ ഒരു ദേഹം പോലുമില്ലാത്തത്രയും അനാഥയായ ദേവി സമീപത്തുള്ള പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പിറ്റേന്ന് രാവിലെ പുഴയിൽ കൗതുകരമായ ഒരു കാഴ്ച്ചയുണ്ടായിരുന്നു. ജലത്തിനു കുറുകെ ദീർഘമായൊരു എണ്ണപ്പാട, മുപ്പതു വർഷത്തെ അതിഭാവുകത്വമേറുന്നയൊന്ന്... അതിനുള്ളിൽ സാമാന്യ മനുഷ്യ നേത്രങ്ങളുടെ കാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടൊരു ചീവീടും...
Comments
Post a Comment