മഞ്ഞപ്പ്

                  നേരം പാതിരാത്രിയോടടുത്തു. പതിവില്ലാതെ ഫോൺ ഓഫാക്കി വെച്ച് ടേബിളിലിരിക്കായിരുന്നു അപ്പഴും ഞാൻ. പച്ച ടേബിൾ ലാംപിന്റെ മഞ്ഞ വെളിച്ചം മേശയാകെ നിറയുന്നു. ഏതാണ്ട് കറുത്ത റോട്ടിലു നിറയണ സോഡിയം വേപ്പർ വെളിച്ചം പോലെ തന്നെ. മെഴുകുതിരി കത്തിച്ചെങ്കിൽ ഏതാണ്ടൊരു നൂറു പ്രാണി ചുറ്റിലും കൂടേണ്ട സമയം കഴിഞ്ഞു. ഇതെന്താവോ മേശ മേലെ മഞ്ഞ വെളിച്ചത്തിനോട് മാത്രം ഇവറ്റകൾക്കൊരു അകൽച്ച... മേശ എന്നു പറഞ്ഞാൽ വീട്ടിലെ ഊണുമേശയാണ്. പായ്ക്കപ്പലിന്റെ പടവും കൊളംബസിന്റെ പേരും അങ്ങിങ്ങായി ഏതൊക്കെയോ ഭൂപട തുണ്ടുകളും ചേർന്ന അഴുക്കൊഴിയാത്ത മേശവിരികൊണ്ടലങ്കരിച്ചിരിക്കുന്ന ഊണു മേശ. അപ്പാപ്പൻ രാത്രി ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടമായി വന്ന മഞ്ഞൾ മണക്കുന്ന ഒരു ഭൂപട തുണ്ടിന്റെ ഇങ്ങേയറ്റത്താണിപ്പോ എന്റെ മഞ്ഞവെളിച്ചം.
                      ദാ വീണ്ടും തട്ടിൻ പുറത്തു നിന്ന് ശബ്‍ദം കേട്ടു തുടങ്ങി... ടക്... ടക്... ടക്..... സുമാർ അൻപതു വർഷം പഴക്കം കാണും ഓടിട്ട ഈ പെരയ്ക്ക്. കഴുക്കോലുകൾ ഏതാണ്ടെല്ലാം ദ്രവിച്ചില്ലാതെയായി. മഴ പെയതാലോ വീട്ടിൽ തന്നെ മഴവെള്ള സംഭരണികൾ ഉയരും. ചുമരിലാണെങ്കിൽ നെറയെ പോടുകൾ. വീട്ടിൽ പോടുണ്ടായതിൽ മാത്രം തീരെ വിഷമമില്ല. കുഞ്ഞിലേ തൊട്ട് വെട്ടുകല്ലിന്റെ ചീളും ചിതലുമൊക്കെ തിന്നുന്ന പ്രത്യേക സൂക്കേടുള്ളതുകൊണ്ട് എനിക്കതൊരു അനുഗ്രഹമായിരുന്നു. വെട്ടുകല്ലിന്റെ ചീളുകൾ ചുമരിലെ വിള്ളലിലൂടെ ഒരുപാട് താഴേക്കു വീഴുമായിരുന്നു. അത് ആരും കാണാതെ ഞാൻ തിന്നുകയും ചെയ്യുമാർന്നു. ഇതെല്ലാം വീട്ടിലെ ഒരു പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ ഇന്ന് ഇവർക്കൊന്നുമറിയാത്ത ഒരു രഹസ്യം തേടിയാണ് ഞാനിവിടെ മഞ്ഞച്ച് ഇരിക്കുന്നത്.

കെ. ആർ മീരയുടെ മച്ചകത്തെ തച്ചൻ വായിച്ചത് മുതലാണ് തട്ടിൻപുറത്തെ ടക് ടക് ശബ്ദത്തെ ഞാൻ ദുരൂഹമായി കാണാൻ തുടങ്ങിയത്. രാത്രിയാവുമ്പോ ടക് ടക്കിന്റെ മുഴക്കം അങ്ങ് കൂടും. ഏലിയാണെന്നൊക്കെ ഇവർക്ക് പറയാം. പക്ഷെ അവിടെന്തോ ഉണ്ടെന്ന് തോന്നി തുടങ്ങിയിട്ട് ഒരുപാടായിരുന്നു. ഈ കഥയും കൂടെ വായിച്ചപ്പോ പൂർത്തിയായി. ഇനി ഏതെങ്കിലും തച്ചൻ വന്നിട്ട് മോളില് പണി തുടങ്ങിയോന്ന് അറിയണ്ടേ നമ്മൾ. ഇന്നതറിയാതെ ഉറക്കമില്ല. ബാറ്ററി തീരാറായ ടോർച് ചതിക്കില്ലെന്നുറപ്പുണ്ട്. പ്രശ്നമെന്തെന്ന് വെച്ചാൽ ഈ തട്ടിൻപുറം രാത്രിയിലെങ്ങനെയിരിക്കും എന്നതിനെക്കുറിച്ചു വല്യ ധാരണയില്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ. എല്ലാം പകലാണ് കണ്ടിട്ടുള്ളത്. കടല്, കൊളുക്കുമല, പള്ളി അങ്ങനെയെല്ലാം. ഇതൊക്കെ രാത്രിയെങ്ങനെയിരിക്കും എന്നതും ഒരു നിഗൂഢത തന്നെ. എന്തായാലും ഇനി അധികം ചിന്തിച്ചു കൂട്ടി പെങ്കൊച്ച് പാതിരായ്ക്ക് കടല് കാണാൻ പോയിന്ന് എന്തിനാ പറയിപ്പിക്കുന്നെന്ന് വെച്ച് തട്ടിൻപുറത്തോട്ട് തന്നെ കേറാന്ന് വെച്ചു.
              അപ്പൻ എവിടെന്നോ വാങ്ങികൊണ്ടുവന്ന മേഡ് ഇൻ ജപ്പാൻ ടോർച്ചിലായിരുന്നു ആകെയുള്ള പ്രതീക്ഷ. ആകാശത്തോട്ടടിച്ചാൽ ചന്ദ്രനിൽ വരെ വെട്ടം എത്തും എന്നൊക്കെയായിരുന്നു കഥകൾ. അത്രേം ഇല്ലെങ്കിലും തെങ്ങിന്റെ മണ്ട വരെയൊക്കെ നന്നായി വെട്ടം എത്തും. ഇവിടെ ഇപ്പോ അതന്നെ ധാരാളം. എപ്പോഴും ചിന്തിക്കാറുണ്ട് ഈ തട്ടിന്പുറത്തിനു മുകൾ വശത്ത് ഓടില്ലായിരുന്നെകിൽ എത്ര നന്നായിരുന്നേനെയെന്ന്. ഇതിപ്പോ വീടും തട്ടിൻപുറവും കൂട്ടി ഒറ്റ മേല്കൂരയായിട്ടാണ് നില്പ്. മോളിലെ ഈ ഓട് ഇല്ലാർണെങ്കിൽ എന്നും രാത്രി തട്ടിന്മേല് കിടന്ന് നക്ഷത്രങ്ങളെ കാണായിരുന്നു. പടിപ്പുരയിൽ ഉൽക്കമഴയുണ്ടെന്ന് പറയണ ദിവസം അതും ശെരിക്ക് കാണാമായിരുന്നു. പറഞ്ഞിട്ടെന്താ, ഓടിട്ട് അങ്ങ് ഉറപ്പിച്ചു വെച്ചേക്കാ തച്ചന് കൊട്ട് പഠിക്കാനായിട്ട്....
                      കുത്തനെയുള്ള പടികളാണ്. കറുത്ത ചായം പൂശിയ ഇടുങ്ങിയ മരപ്പടികൾ. പെട്ടന്നു കാണുമ്പോ സ്വർഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയാണോ ഇതെന്ന് ഒരു വേള സംശയിക്കാം. പിന്നെ കറുത്ത നിറമായതു കൊണ്ട് കുഴപ്പമില്ല. നമ്മളെയൊക്കെ പഠിപ്പിച്ചിരിക്കുന്നത് കറുപ്പ് നരകമാണെന്നാലോ. പഠിച്ചത് മറക്കാതെ ജീവിച്ചാൽ പടി കയറി ഉയരത്തിലെത്താം എന്നല്ലേ. അപ്പൊ പിന്നെ ഈ പടി കയറിയാൽ മതി. ഇനിയിപ്പോ പഠിച്ചത് മാറ്റാനൊന്നും സമയില്യാ.
                       തട്ടിൻപുറം കറുത്തതാണെങ്കിലും ജപ്പാൻ ടോർച് ഒരു മിനുട്ട് കൊണ്ട് അവിടാകെ വെളുപ്പിച്ചു. തട്ടിന്പുറത്തിനു ആകെ നാല് ജനലുണ്ട്. പൂച്ചക്ക് നാല് കാലുണ്ടെന്ന് പറയണ പോലെ. ഉച്ച തിരിയുമ്പോ പടിഞ്ഞാട്ടുള്ള ഈ ജനലിന്ന് താഴേക്ക്, അപ്പാപ്പന്റെ മുറിലോട്ട് ലംബമായി വെയിലടിക്കും. ആ വെളിച്ചത്തിന്റെ പ്രവാഹത്തിൽ ധൂളി പടലങ്ങൾ സർക്കസ് കളിക്കും. അതെ മാർക്കേസാണ് ശെരി. വെളിച്ചം ജലം പോലെയാണ്. അല്ല, വെളിച്ചമാണ് ജലം. അപ്പൊ ദാഹിക്കുമ്പോ ഇത്തിരി വെളിച്ചം തരുമോന്നൊക്കെ ചോദിച്ചാലോ? ഏയ് ഇല്ല. അങ്ങനെ ചോദിക്കുന്നവരൊക്കെ ഇവടെ പണ്ടേ കാലഹരണപ്പെട്ട് പ്പോയ്‌ കഴിഞ്ഞിരിക്കുന്നു.                      ഇത്രേ നേരം പതിഞ്ഞ താളത്തിലായിരുന്ന ടക് ടക് ശബ്ദം മുറുകിവരാണ്. രണ്ടും കല്പിച്ചു കിഴക്കുള്ള മൂലയ്ക്ക് ടോർച്ചടിച്ചു. ദൈവമേ, ഞാനിതെന്താ ഗള്ളിവേർസ് ട്രാവൽ ലെ സഞ്ചാരിയാണോ? മുൻപിൽ ചൂണ്ടുവിരലിന്റെ അത്രേം വലുപ്പമുള്ള പത്തു പേര് നിന്നു മാർച്ച്‌ ചെയ്യുന്നു. അവര്ടെ മുന്നിലാണെങ്കിൽ അതേ വലുപ്പമുള്ള ഒരു നേതാവും. അതിപ്പോ എവിടാണെങ്കിലും മുമ്പിൽ നിൽക്കുന്നൊരാണല്ലോ നേതാക്കൾ. ഓരോരുത്തരുടെയും അരയിൽ കുഞ്ഞി തോക്കുണ്ട്. ചുമന്ന പട്ടാള കുപ്പായം പോലെന്തോ ധരിച്ചിരിക്കുന്നു. നാനോ ടെക്നോളജി ഇത്രേം പുരോഗമിച്ചതറിയാൻ തട്ടിൻപുറത്ത് കേറേണ്ടി വന്നു. തിളക്കമുള്ള ഷൂസാണ് കാലിൽ. കാലിന്റെ ചലനം വെച്ച് നോക്കുമ്പോ ഇതിന്റെ പിന്നിലുള്ള കറുത്ത കരം അകിറോ കുറോസാവയുടേതാണോന്ന് ചിന്തിക്കേണ്ടി വരും. ഒൻപതിലോ പത്തിലോ പഠിക്കാനുണ്ടായിരുന്നു ഡ്രീംസിലെ കുറുക്കന്റെ കല്യാണം. അതുപോലെ തന്നെയാണ് ഇവരുടെ ചലനവും. സ്വപ്നത്തിലാണോ ഞാൻ പടി കയറി മോളിലോട്ടെത്തിയതെന്ന് ഒരു സംശയം. ഏയ് അങ്ങനെയാവില്ല. ഇങ്ങനെത്തെ കാഴ്ച്ച മുന്നും കണ്ടിട്ടുണ്ട്.
                    എൽ. കെ. ജി യിൽ പഠിക്കുമ്പോ ഒരു വട്ടം കാല് സൈക്കിളിന്റെ മുൻചക്രത്തിലു കുരുങ്ങിയിട്ടുണ്ട്. അന്ന് അപ്പന്റെ കൂടെ മുന്നിലിരുന്ന് സൈക്കിളിൽ വന്നതായിരുന്നു. എന്ത് ചെയ്യാം... എൽ. കെ. ജി യിലെ കൊല്ലപരീക്ഷക്കു മൂന്നു ആഴ്ച്ച മുൻപ് കാല് പ്ലാസ്റ്ററിന്റെ ഉള്ളിലായി. അന്നൊരിക്കൽ കാല് പ്ലാസ്റ്ററിട്ട് ഒരു കസേരയിൽ മുൻവശത്തെ മുറിയിലിരിക്കായിരുന്നു. അപ്പൊ ഒരു കാഴ്ച്ച കണ്ടു. എനിക്ക് അഭിമുഖമായിട്ടുള്ള വെള്ളച്ചുമരിൽ നിന്നും ഒരു തല പുറത്തോട്ട് വരുന്നു. അതും ഇതുപോലെ നാനോ ടെക്നോളജി തന്നെയാർന്നു. നല്ല സ്വർണ തലമുടി. സൂക്ഷിച്ചു നോക്കിയപ്പോ രണ്ട് കുഞ്ഞി ചിറകും. മാലാഖ തന്നെ സംശയമില്ല. കാലു വയ്യാത്തോണ്ടാണോ അതോ പേടിച്ചിട്ടാണോന്ന് അറിയില്ല, അനങ്ങാൻ വയ്യാർന്നു. ഒരു വിധം തൊങ്ങി അടുക്കളയിലേക്കോടി അമ്മേനെ മാലാഖക്കുഞ്ഞിന്റെ അടുത്തേക്ക് കൊണ്ടുവന്നു. നോക്കുമ്പോ മാലാഖേം ഇല്ല സ്വർണ്ണ തലമുടിം ഇല്ല. അന്ന് കൊറേ കളിയാക്കൽ കേട്ടെങ്കിലും എൽ. കെ. ജി ക്കാരിയായ ഞാൻ അവരോടൊക്കെ ക്ഷമിച്ചു. പിന്നീട് രണ്ടിലോ മൂന്നിലോ പഠിക്കുമ്പോ ഒരു സിസ്റ്റർ തന്ന ബർത്ത്ഡേ ഗിഫ്റ്റിലെ മാലാഖയ്ക്ക് അന്ന് ചുമരിൽ കണ്ട മാലാഖയുടെ അതേ മുഖമായിരുന്നുവെന്നതാണ് എന്റെ ജീവിതത്തിലെ മറ്റൊരു ദുരൂഹത.

അപ്പൊ മാലാഖ സത്യമാണെങ്കിൽ ഇതും സത്യം തന്നെ. 'പട്ടാളക്കാരെ നിങ്ങൾക്കെന്നെ കേൾക്കാമോ ' ഞാനല്പം ഒച്ചയിൽ തന്നെ ചോദിച്ചു. എന്നെ കണ്ട വശം പൂച്ച എലിയെ കാണുന്നപോലെ അവരൊക്കെ നാനോ തോക്കുകൾ എന്റെ നേർക്ക് നീട്ടി. ഇതെന്ത് കഥ. ഞാനാണോ ഇനിയവരുടെ ശത്രു ! ആനയെ കെണിയിലു കൊണ്ട് വീഴ്ത്തണ പോലായല്ലോ ഇത്. തോക്ക് ചൂണ്ടിയ നേതാജി മുരടനക്കി പറഞ്ഞ് തുടങ്ങി. 'ഒരുപാട് വർഷമായ് ഈ പട്ടാള വേഷം കെട്ടി ഞങ്ങൾ നിന്നെ കാത്തിരിക്കായിരുന്നു. ഇന്നാണ് നിന്റെ അന്ത്യം'. ഞാൻ എന്നത്തേയുംപോലെ കഥയറിയാതെ ആട്ടം കണ്ടുകൊണ്ടേയിരുന്നു. അപ്പോഴേക്കും എവിടെന്നൊക്കെയോ ഒരു കടലുപോലെ എന്തോ പ്രാണികൾ ഇഴഞ്ഞു വന്നു. മഞ്ഞ കടല് പോലെ. സൂക്ഷിച്ചു നോക്കിയപ്പോളല്ലേ, അതെല്ലാം ചിതൽ പ്രാണികളായിരുന്നു. അപ്പൊ മാർക്കേസിനു ഒന്നു തെറ്റി. പ്രകാശം മാത്രമല്ല ജലം. ചിതലും ജലം പോലെയാണ്. മഞ്ഞ കടലല്ലേ മുന്നിലു നില്ക്കണത്. നേതാജി വീണ്ടും മുരടനക്കി പറഞ്ഞു തുടങ്ങി. 'ഈ ചിതൽകുഞ്ഞുങ്ങൾക്കു വേണ്ടിയാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്. നീയവരുടെ പുറ്റ് തിന്ന് നശിപ്പിച്ചു. ചെറുപ്പം തൊട്ടേ നീ ചിതല് തിന്നാൻ തുടങ്ങി. അന്നൊരിക്കൽ ചുമരിന്റെയുള്ളിൽ കൂടെ വന്നു നിന്നെ പേടിപ്പിക്കാന്ന് വെച്ചെങ്കിലും നീ മണ്ടിയായത് കൊണ്ട് അത് മാലാഖയെന്ന് പറഞ്ഞു നടന്നു. മനുഷ്യകുഞ്ഞല്ലേ, എന്തേലും തലയും വാലും കിട്ടിയാ അപ്പൊ അതിനെ ദൈവവും ചെകുത്താനുമൊക്കെയാക്കുലോ'. അപ്പൊ എന്റെ ബാല്യം ഒരു നുണയായിരുന്നോ.... ഞാൻ വീണ്ടും നെടുവീർപ്പെട്ടു. പിന്നെ കഥയറിഞ്ഞു ആട്ടം കാണൽ തുടർന്നു.
                        വീണ്ടും നേതാജി മുരടനക്കി. നേതാവിന്ന് മാത്രമേ ശബ്ദമുള്ളൂന്ന് തോന്നണു. ' അപ്പൊ ഇനി ചിന്തിക്കാനില്ല ഇന്നാണ് നിന്റെ അന്ത്യം '. കേട്ട വശം ബാക്കി പടയാളികൾ തോക്കു തയാറാക്കി. ചിതലിന്റെ കടൽ എനിക്കു നേരെ ഒഴുകാൻ തയാറായി നിന്നു. കൃത്യം അഞ്ച് വെടി പൊട്ടി കാണും. അഞ്ചും എന്റെ ദേഹത്ത്. വെടിപ്പാടിലൂടെ മഞ്ഞക്കടൽ ഉള്ളിലേക്ക് അടിച്ചു കയറി. ഞാൻ വീണ്ടും മഞ്ഞച്ചു പോയി.
                       പിറ്റേന്ന് രാവിലെ ഊണു മേശയുടെ ഓരത്തായി മഞ്ഞ ജലം തളം കെട്ടി നിൽപ്പുണ്ടാർന്നു. അപ്പോഴേക്കും മേശ വിരിയിലെ കൊളംബസും പായ്ക്കപ്പലും മഞ്ഞക്കടലിലൂടെ അമേരിക്കയിലേക്ക് പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. 
                        

Comments

Popular Posts