ഒരു ദസ്തയെവ്സ്കിയൻ രാത്രി
മോഹങ്ങൾ പൂത്തു തുടങ്ങുന്നത് രാത്രിയിലാണല്ലോ.... ആയിരിക്കണം. ഇരുട്ടിന്റെ അരിപ്പയിലൂടെ നിലാവ് അരിച്ചിറങ്ങുമ്പോഴത്രേ മനസ്സിന്റെ സൂക്ഷ്മ കോണുകളിൽ ദീർഘസുക്ഷുപ്തിയിലാണ്ടിരിക്കുന്ന മോഹവിത്തുകൾക്ക് മുളച്ചു പൊന്തുവാൻ കൊതിയേറുക... അന്നത്തെ രാത്രിയെ വിചിത്രമാക്കിയതിൽ പ്രധാന പങ്കു വഹിച്ചത് പെരുമ്പടവമാണ്. രാത്രി ഏകദേശം പതിനൊന്നരയോടു കൂടിയാണ് 'ഒരു സങ്കീർത്തനം പോലെ' വായിച്ചവസാനിപ്പിക്കുന്നത്. അതിലെ ദസ്തയെവ്സ്കിയെ മറക്കാനാവുന്നില്ല. ദസ്തയെവ്സ്കിയും അന്നയും കൂടി നടന്ന റഷ്യൻ തെരുവീഥികളെ പറ്റിയുള്ള ഓർമ്മകൾ മനസ്സിന്റെ സമനില തെറ്റിക്കുന്നു. ഒരു ദസ്തയെവ്സ്കി പുസ്തകത്തെ ചുംബിച്ച് അതിലെ വരികളിലൂടെ എത്രയും പെട്ടെന്ന് സഞ്ചരിച്ചില്ലെങ്കിൽ, സാഹിത്യ തത്പരയായ തന്റെ ആത്മാവ് സ്വന്തം ദേഹമുപേക്ഷിച്ച് റഷ്യയിലേക്ക് യാത്രയാവുമെന്നവൾക്ക് തോന്നി. അത്തരമൊരു അകാലചരമത്തെ തടുക്കുവാനായ്, പാതിരായ്ക്ക് തന്നെ വായനശാലയിലേക്ക് പോകാൻ അവൾ തീർച്ചപ്പെടുത്തി.
നേരം പന്ത്രണ്ടിനോടടുക്കുന്നു. തുന്നി ചേർത്തിട്ടും വലിയ കീറലുകളാൽ അതിസമ്പന്നമായ തന്റെ അയഞ്ഞ ചുരിദാറിനു മുകളിലേക്ക് ഇരുട്ടിന്റെ കട്ടിക്കറുപ്പുള്ള ഒരു ഷാളും ധരിച്ചുകൊണ്ടവൾ പുറത്തിറങ്ങി. പകല് പെയ്ത മഴയുടെ അവശേഷിപ്പുകളായിരുന്നു അവിടെങ്ങും. മൺപാതയാകെ ചെളിമയം. രാത്രിയുടെ ഏതോ യാമങ്ങളിൽ ഉദിച്ച്, ഇപ്പോൾ തലയ്ക്കു മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ചന്ദ്രന്റെ പ്രതിബിംബത്തെ, ആ ചെളി വെള്ളത്തിൽ നിന്നും അവൾ മനപൂർവ്വം തട്ടിയകറ്റി. ചന്ദ്രനെയും നക്ഷത്രങ്ങളെയും കണ്ടു കൊതിച്ച്, ആവേശത്തോടെ ഭൗതികശാസ്ത്രം പഠിക്കാൻ ചേർന്ന്, അവസാനം കുറച്ചധികം ഗാൽവനോമീറ്ററുകളുടെയും സ്‌പെക്ട്രോ മീറ്ററുകളുടെയും ഇടയിൽ പെട്ടുപോയ ഒരു സാധാ ഭൗതികശാസ്ത്ര ബിരുദ വിദ്യാർത്ഥിനിയുടെ രോഷമായിരുന്നു അവളിലപ്പോൾ. ഉൽക്കമഴ കാണാൻ ഉറക്കമൊഴിച്ച് കാത്തിരുന്നൊരു ചെറിയ പെൺകുട്ടിയുടെ പപ്പട മുഖമായിരുന്നു അന്നത്തെ ചന്ദ്രന്. അനേകം ശാസ്ത്ര വിദ്യാർത്ഥികളുടെ കല്ലേറ് കൊണ്ടിട്ടാവണം ആ പപ്പടമുഖത്ത് ഇത്രയേറെ കലകൾ. പക്ഷേ എന്തു ചെയ്തിട്ടും കാര്യമില്ല. ചന്ദ്രനും നക്ഷത്രങ്ങളും ഇനിയും രാത്രികളിൽ അവിടെത്തന്നെയുണ്ടാകും. നിലാവിൽ മത്തുപിടിച്ച്, രാത്രികളിൽ ആകാശത്തേക്ക് ഉറ്റുനോക്കിയിരിക്കുന്ന ഒരായിരം കുഞ്ഞിക്കണ്ണുകളെ അവർ ആകർഷിച്ചു കൊണ്ടേയിരിക്കും. ഉൽക്കകളെയും ഗ്രഹങ്ങളെയും കാട്ടി പ്രലോഭിപ്പിക്കും. നാളുകൾക്കു ശേഷം അവരുമിങ്ങനെ ആകാശത്തെ പഴിക്കുമായിരിക്കും. ഇതൊരു വൃത്തം പോലെയാണെന്നവൾക്ക് തോന്നി.... ഒടുക്കമില്ലാത്ത പ്രക്രിയ...
പതിഞ്ഞ ശബ്ദത്തിലാണവൾ നടക്കുന്നത്. രാത്രിയെന്നാൽ പെണ്ണുങ്ങൾക്ക് നേരം കെട്ട നേരമാണല്ലോ. പണ്ട് തൊട്ടേ കഥകളിലും നോവലുകളിലും വായിച്ച് പരിചയമുള്ള രാത്രി സഞ്ചാരികളായ ഭൂതപ്രേതാദികളോ കടവാവലുകളോ അല്ല അവളെ അപ്പോൾ ഭയപ്പെടുത്തിയത്. മറിച്ച് അധികാര ഗർവ്വിൽ രാത്രികൾ തങ്ങളുടെ സ്വന്തമാക്കി വെച്ചിരിക്കുന്ന ആണുങ്ങളെ അവൾ പേടിച്ചു. പാടത്തിന്റെ ഓരത്തായ് കൂട്ടം ചേർന്നിരുന്ന് മദ്യപിക്കുന്ന രാത്രിയുടെ അവകാശികളെ പിന്നിട്ടപ്പോഴാണ്, വഴിയിലെവിടെയോ വെച്ച് ഒളിച്ചോടിപ്പോയ അവളുടെ പാതി ജീവൻ തിരികെ വന്നത്. കാട്ടിലൊക്കെ രാത്രിയിൽ, ആൺസിംഹത്തെ പേടിച്ച് പെൺ സിംഹം അടങ്ങിയൊതുങ്ങി ഗുഹയിലിരിക്കുമോ എന്നാണ് അവളപ്പോൾ ചിന്തിച്ചത്. ഏയ്, ഉണ്ടാകില്ല. പെൺസിംഹത്തിന്റെ പല്ലും നഖവും മനോധൈര്യവും ചെറുപ്പത്തിലെ നഷ്ടപ്പെടുത്തി കളയാൻ മാത്രം കഴിവുള്ള നാട്ടുകാരും ബന്ധുക്കളും കാട്ടിലുണ്ടാവാൻ വഴിയില്ലല്ലോ. മൂർച്ചയേറിയ പല്ലും നഖവുമുള്ള ഒരു പെൺസിംഹമായി ജനിച്ചിരുന്നെങ്കിൽ എന്നപ്പോളവൾ ആഗ്രഹിച്ചു. ഒരുപക്ഷേ ദസ്തയെവ്സ്കിയെ അറിയാൻ വേണ്ടി മാത്രം മനുഷ്യനായി, അതും അവകാശവാദങ്ങളൊന്നുമുന്നയിക്കാൻ അറിയാത്ത ഒരു പെൺകുഞ്ഞായതാവാം താൻ എന്നവൾക്ക് തോന്നി.
പാടം പിന്നിട്ടിട്ട് പത്തുമിനിറ്റാവുന്നു. ആഴമേറിയ ഇരുട്ടാണ്. തന്നെ പഴിക്കുന്നവൾക്ക് വെളിച്ചം കൊടുക്കേണ്ടയെന്ന് തീരുമാനിച്ച ചന്ദ്രൻ, ഒരു കാർമേഘ കൂടിനുള്ളിൽ ഒളിച്ചു. ഇനിയൊരു രണ്ടടി വെച്ചാൽ വായനശാലയാണ്. ഈ പാതിരാത്രിയിലും അവിടെയൊരു വെളിച്ചം കത്തി നിൽപ്പുണ്ട്. അരണ്ട മഞ്ഞ വെളിച്ചം......പൂട്ട് തകർക്കേണ്ടി വരുമെന്നു ചിന്തിച്ചു വന്ന ദസ്തയെവ്സ്കി ആരാധികയെ നോക്കി അവിടുത്തെ തുറന്ന വാതിൽ പരിഹാസത്തോടെ ചിരിച്ചു. തുറന്നിട്ട വാതിൽ...... അരണ്ട മഞ്ഞ വെളിച്ചം.... കോട്ടയം പുഷ്പനാഥിന്റെ ഏതോ ഒരു കുറ്റാന്വേഷണ നോവലിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു അവിടുത്തെ രംഗാലങ്കാരം. തറയിൽ പതിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെ പോലും ഉണർത്താതെ അവൾ സൂക്ഷ്മമായി അവിടേക്ക് കയറി. വായനശാലയിലെ ഒരു തടിച്ച എലി മാത്രമാണ് അവളുടെ ആഗമനം തിരിച്ചറിഞ്ഞത്. അതവളുടെ കാലുകൾക്കിടയിലൂടെ ഏതോ ഒരു കവിത ശകലം വായിലാക്കി കടന്നുപോയി.
ലൈബ്രറിയിലെ എലി എന്നൊരു ആശയം തന്നെയെന്തൊരു കൗതുകമാണ്. ഒലിവർ ട്വിസ്റ്റും നാലുകെട്ടും ആൾക്കൂട്ടവുമെല്ലാം വയറു നിറയെ കഴിച്ച് തടിച്ചുരുണ്ട ഒരെലി. മാർക്സിന്റെയും ഓഷോയുടെയും പുസ്തകങ്ങൾ വയറിൽ പിടിക്കാതെ കക്കി കളയുന്ന എലി. വല്ലാത്തൊരു എലി.... എലി ചാടിപ്പോയ വഴിയുടെ എതിർ ദിശയിൽ സഞ്ചരിച്ചപ്പോൾ ദസ്തയെവ്സ്കി താമസിക്കുന്ന പുസ്തക ഷെൽഫിലെത്തി. കുറ്റവും ശിക്ഷയും കാരമസോവ് സഹോദരന്മാരുമെല്ലാം ശാന്തമായി ഉറങ്ങുന്നു. അവരുടെ ഉറക്കത്തിന് ഭംഗം വരുത്താതെ കുറ്റവും ശിക്ഷയും വേഗം കൈപ്പിടിയിലാക്കി. തിരിച്ചിറങ്ങുന്നതിനിടയിൽ അരണ്ട മഞ്ഞ വെളിച്ചം വല്ലാതെയങ്ങ് ആകർഷിച്ചു. ലൈബ്രേറിയന്റെ മുറിയിൽ നിന്നാണ് വെളിച്ചം. അലസമായി ചാരിയിട്ടിരുന്ന വാതിൽ പതിയെ തുറന്നു നോക്കിയപ്പോഴോ ടോൾസ്റ്റോയിയും ബഷീറും ചാൾസ് ഡിക്കൻസും എം.ടിയും ഓർഹൻ പാമുക്കും കൂടിയൊരു വട്ടമേശ സമ്മേളനം. മേശയ്ക്ക് ചാരെയുള്ള ജനലിൽ കൈ ചേർത്ത് പിടിച്ച് എന്തോ ഓർത്ത് പിടയുന്ന കവി അയ്യപ്പനെയും കാണാം.
ജീവിച്ചിരിക്കുന്നവരും മരിച്ചവരും അവിടെ ഒരുപോലെ സന്നിഹിതരായിരിക്കുന്നത് എന്നെ അമ്പരപ്പെടുത്തി. രാത്രിയിലെ അസാധാരണമായ ഈ സമ്മേളനവും അതിശയിപ്പിക്കുന്നതായിരുന്നു. എന്നാൽ ഒരു രീതിയിലും എന്നെ അത്ഭുതപ്പെടുത്താതിരുന്ന ഒന്ന് സ്ത്രീകളുടെ അസാന്നിധ്യമായിരുന്നു. അതു പിന്നെയെങ്ങനെയാണല്ലോ. സാഹിത്യ ലോകത്തിലും രാത്രിയുടെ അവകാശികൾ പുരുഷന്മാർ തന്നെ... മാധവിക്കുട്ടിയെയെങ്കിലും കണ്ടിരുന്നെങ്കിൽ എന്നെന്റെ സ്ത്രീ ഹൃദയം കൊതിച്ചു. കൊതിക്കാനും കിനാവ് കാണുവാനുമുള്ള എന്റെ അവകാശത്തിൽ ഞാൻ അഭിമാനിച്ചു.
' ഇന്നു തന്നെയവനെ കൊല്ലണം' എന്ന ദസ്തയെവ്സ്കിയുടെ ആക്രോശത്തിൽ ഞാൻ ഞെട്ടിത്തരിച്ചു. കുറച്ചുകൂടി ശാന്തനായ
ദസ്തയെവ്സ്കിയെയായിരുന്നു എനിക്ക് പരിചയം. നല്ല പച്ചമലയാളത്തിലുള്ള അവരുടെ സംസാരത്തിൽ നിന്നും തടിച്ചുരുണ്ട ഒരു എലിയാണവരുടെ ശത്രുവെന്ന് എനിക്ക് മനസ്സിലായി. അരണ്ട വെളിച്ചത്തിൽ കവി അയ്യപ്പന്റെ കാലിന്റെ ഓരത്തുകൂടി കടന്നുപോകുന്ന സാഹിത്യപ്രേമിയായ എലിയെ അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. പിന്നെയൊന്നും നോക്കിയില്ല. കുറ്റവും ശിക്ഷയും എന്ന തടിച്ച പുസ്തകത്തിനാൽ ആഞ്ഞൊരടി. ചങ്ങമ്പുഴയുടെ നാലു വരികൾ ശർദ്ദിച്ചിട്ട് എലി സാഹിത്യമില്ലാത്ത ലോകത്തിലേക്ക് യാത്രയായി. സ്വന്തം പുസ്തകം നാശമാക്കിയെങ്കിലും, എലിശല്യം ഒഴിവായല്ലോയെന്ന കൃതജ്ഞതയിൽ ദസ്തയെവ്സ്കി എന്നെ നോക്കി. ആ നോട്ടം നേരിടാനാവാതെ തല വെട്ടിച്ചപ്പോഴാണ് സമയമെന്ന മഹാ സത്യത്തിൽ എന്റെ കണ്ണുകളുടക്കുന്നത്. ലൈബ്രറിയന്റെ കസേരക്ക് മുകളിലുള്ള പെൻഡുലം ക്ലോക്കിനു അമ്മയുടെ ഛായ കൈവരുന്നു. 'പാതിരാത്രിയിൽ എവിടെപ്പോയി കിടക്കുവാ' എന്നൊരലർച്ച കേട്ടതേ ഓർമ്മയുള്ളൂ. അമ്പരന്നു നിന്ന ഓർഹൻ പാമുക്കിനെ തട്ടി മാറ്റി, കവിത ഞരമ്പിലൊഴുകുന്ന ഒരു പാവം എലിയെ കൊന്നതിന്റെ കുറ്റവും പേറി, രാത്രിയുടെ അവകാശികൾക്കിടയിലേക്ക് ഞാനെന്റെ ശിക്ഷയേറ്റുവാങ്ങാനായി നടന്നു നീങ്ങി.
Comments
Post a Comment